റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
ഷാഫി ചാലിയം സംസാരിക്കുന്നു
റിയാദ്: കേരളത്തിൽ തുടർഭരണം ലഭിച്ച സി.പി.എം അധികാരം നിലനിർത്താൻ വർഗീയചേരിതിരിവിന് ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ‘അധികാരം, വർഗീയത, രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ജില്ലാസമ്മേളനങ്ങളിൽ പ്രധാനായും ലക്ഷ്യംവെക്കുന്നത് മുസ്ലിം ലീഗിനെയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് കേരളം ഭരിക്കാൻ പോകുന്നതെന്ന പ്രചരണമാണ് വ്യാപകമായി നടത്തിയത്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന മട്ടിൽ പെരുമാറുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമീപകാലത്ത് ഉന്നയിച്ച മറ്റൊരു ആരോപണം. മുനമ്പം വിഷയത്തിൽ മാതൃകാപരവും പക്വവുമായ നിലപാട് സ്വീകരിച്ച സ്വാദിഖലി തങ്ങളുടെ ഇടപെടലുകൾ സി.പി.എമ്മിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നും ഷാഫി ചാലിയം ചൂണ്ടിക്കാണിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അതിഥിയായി പങ്കെടുത്തു. ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലേക്ക് ഡോ. അംബേദ്കറെ തെരഞ്ഞെടുത്തയച്ച രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ പങ്കെടുക്കാൻ സ്വന്തം മകനെ പട്ടാളത്തിലേക്ക് എടുക്കണമെന്ന് അഭ്യർഥിച്ച് കത്തെഴുതിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ രാജ്യസ്നേഹം മാതൃകാപരമായിരുന്നെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരമായി എം.ഐ. തങ്ങൾ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം ദൗത്യവും ദർശനവു’മെന്ന പുസ്തകം സന്ദീപ് വാര്യർക്ക് കൈമാറി. സെൻട്രൽ കമ്മിറ്റി സുരക്ഷ പദ്ധതിയിൽ കൂടുതൽ അംഗങ്ങളെ ചേർത്ത നിയോജമണ്ഡലം കമ്മിറ്റികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി. കൊടുവള്ളി, മങ്കട, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയത്. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വി.കെ. മുഹമ്മദ്, ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അഷ്റഫ് കൽപകഞ്ചേരി, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, ഷമീർ പറമ്പത്ത്, ഷംസു പെരുമ്പട്ട, പി.സി. അലി വയനാട്, കബീർ വൈലത്തൂർ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.