റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ സേന നടത്തുന്ന സംയുക്ത പരിശോധനകൾ കർശനമായി തുടരുന്നു. ജൂലൈ 16 മുതൽ 22 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 14970 നിയമലംഘകരെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര റിപ്പോർട്ടിലാണ് പരിശോധനാ വിവരങ്ങൾ വിശദീകരിക്കുന്നത്. പിടിയിലായവരിൽ 7,437 പേർ ഇഖാമ നിയമലംഘകരും, 3,991 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും, 3,542 പേർ തൊഴിൽ നിയമലംഘകരുമാണ്.
അതിർത്തി മാർഗം രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,626 പേരും പരിശോധനയിൽ പിടിയിലായിട്ടുണ്ട്. ഇവരിൽ 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും 37 ശതമാനം യെമൻ പൗരന്മാരുമാണ്, ബാക്കി ഒരു ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ, അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 33 പേരും, നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും ജോലിയും നൽകി ഒത്താശ ചെയ്ത 18 വ്യക്തികളും സുരക്ഷാ സേനയുടെ കസ്റ്റഡിയിലായി.
നിലവിൽ 1,989 വനിതകൾ ഉൾപ്പെടെ 30,500 വിദേശികൾക്കെതിരെയാണ് വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ പുരോഗമിക്കുന്നത്. നാടുകടത്തൽ നടപടികളുടെ ഭാഗമായി യാത്രാരേഖകൾ ലഭ്യമാക്കാൻ 17,700 നിയമലംഘകരെ അതത് രാജ്യങ്ങളുടെ എംബസി അല്ലെങ്കിൽ കോൺസുലേറ്റുകളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഒപ്പം 6,113 പേർക്ക് വിമാന ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും, ആവശ്യമായ നടപടികൾ പൂർത്തിയാക്കി 13251 പേരെ ഇതിനകം രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തു.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായമൊരുക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ആളുകൾക്ക് യാത്രാസൗകര്യമോ താമസസൗകര്യമോ നൽകുന്നതും മറ്റ് സഹായങ്ങൾ എത്തിക്കുന്നതും ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. ഇവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കാം. ഇതുകൂടാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും കുറ്റവാളികളുടെ വിവരങ്ങൾ പൊതുസമക്ഷം പരസ്യപ്പെടുത്തുകയും ചെയ്യും.
മാനഹാനിയുണ്ടാക്കുന്നതും ജാമ്യമില്ലാത്തതുമായ ഗൗരവമേറിയ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഈ നിയമലംഘനങ്ങൾ ഉൾപ്പെടുന്നത്. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.