അബഹയിലെ അൽ സൗദ പർവതനിരകളിൽ വംശനാശ
ഭീഷണി നേരിടുന്ന പക്ഷികൾക്ക് അധികൃതർ സംരക്ഷണമൊരുക്കിയപ്പോൾ
അസീർ: വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾക്ക് ആവാസ വ്യവസ്ഥയും സംരക്ഷണവും ഒരുക്കി സൗദി വന്യജീവി അതോറിറ്റി. ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതി, നാഷനൽ എൻവയൺമെൻറ് സ്ട്രാറ്റജി എന്നിവക്കൊപ്പം ചേർന്നാണ് വന്യജീവി അതോറിറ്റി സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇരപിടിയൻ പക്ഷികളെ സംരക്ഷണ കവചവും ആവാസ വ്യവസ്ഥയുമൊരുക്കി പ്രദേശത്ത് തുറന്നുവിട്ടു.
ഇത്തരം ജീവികളെ വളർത്തുന്നതിനും കൂടുതൽ വ്യാപനമാക്കാനും അൽ സൗദ ഡെവലപ്മെൻറ് കമ്പനിയുമായി സഹകരിച്ചാണ് അധികൃതർ പദ്ധതിയൊരുക്കിയത്. മൂന്ന് ഗ്രിഫൺ കഴുകന്മാർ, പ്രാപ്പിടിയൻ പരുന്ത്, അറേബ്യൻ സ്കോപ്സ് ഔൾ, യുറേഷ്യൻ സ്പാരോഹോക്ക് എന്നീ പക്ഷികൾ ഇവയിൽ ഉൾപ്പെടുന്നു. ഇവയെല്ലാം പുനര ധിവസിപ്പിക്കപ്പെട്ടവയാണ്. പക്ഷികൾ പ്രദേശത്തിന്റെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ തയാറാണെന്ന് ഉറപ്പാക്കാൻ ‘അക്ലിമൈസേഷന്’ വിധേയമായി.
വിസ്മയക്കാഴ്ചകളുടെ മനോഹരമായ ഒരിടമാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കുന്നുകളിലൊന്നായ അൽ സൗദ. അബഹ നഗരത്തിൽനിന്ന് 28 കിലോമീറ്റർ ചുരം കയറിയാൽ പ്രകൃതി സുന്ദര മലമ്പ്രദേശമായ അൽ സൗദയുടെ ഉച്ചിയിലെത്താം. സമുദ്ര നിരപ്പിൽനിന്ന് 3015 മീറ്റർ ഉയരത്തിൽ പർവതങ്ങളാൽ വലയം ചെയ്തിരിക്കുന്ന ഹരിതാഭമായ ഒരു പ്രദേശമാണിത്. ഇവിടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പർവത ആവാസവ്യവസ്ഥയിലെ പ്രാദേശിക ജീവിവർഗങ്ങളെ സ്ഥിരപ്പെടുത്താൻ ആവശ്യമായ മുന്നൊരുക്കം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. പക്ഷികളുടെ ചലനവും പെരുമാറ്റവും അതോറിറ്റി നിരീക്ഷിക്കും.
പ്രകൃതി രമണീയത ആസ്വദിക്കാനും അനുഗൃഹീത കാലാവസ്ഥ അനുഭവിക്കുവാനും പ്രദേശത്തേക്ക് ധാരാളം സന്ദർശകർ കാലവ്യത്യാസമില്ലാതെ എത്താറുണ്ട്. വർഷത്തിൽ ഏറെക്കുറെ എല്ലാ കാലത്തും തണുപ്പനുഭവപ്പെടുന്ന ഒരു പ്രദേശം കൂടിയാണിത്. കടുത്ത വേനൽക്കാലത്ത് പോലും അൽ സൗദയിലെ ഉയർന്ന താപനില 15 ഡിഗ്രി സെൽഷ്യസിൽ നിൽക്കുന്നതും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.