റിയാദിൽ നടന്ന യു.എൻ ത്തോട് അനുബന്ധിച്ച് ‘വിസ ബൈ പ്രൊഫൈൽ’ സംരംഭത്തിന് തുടക്കം കുറിച്ചപ്പോൾ
റിയാദ്: മിനിറ്റുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസ ഓൺലൈനായി അനുവദിക്കുന്ന ‘വിസ ബൈ പ്രൊഫൈൽ’ എന്ന ആഗോള സംരംഭത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. റിയാദിൽ നടന്ന യു.എൻ ഗ്ലോബൽ ടൂറിസ്റ്റ് ഫോറത്തോട് അനുബന്ധിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. യോഗ്യരായ യാത്രക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസകൾ ഓൺലൈനായി വിതരണം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ‘വിസ’ ക്രെഡിറ്റ് കാർഡ് ഉടമകളാണ് തുടക്കത്തിൽ ഈ സംരംഭത്തിന്റെ പരിധിയിൽ വരുക. ഇവർക്ക് മിനിറ്റുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസ ലഭിക്കും. അതിനായി പാസ്‌പോർട്ട്, വിസ കാർഡിന്റെ വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് വിസ പ്രോസസിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇങ്ങനെ ടൂറിസ്റ്റ് വിസ നേടാനാവും.
സൗദി വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സൗദി ടൂറിസം അതോറിറ്റി, വിസ ഡെബിറ്റ് കാർഡ് അതോറിറ്റി, ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്തതാണ് ‘വിസ ബൈ പ്രൊഫൈൽ’ എന്ന ഈ സംയോജിത ഡിജിറ്റൽ സംവിധാനം. യാത്രാനടപടികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കുക, വിനോദസഞ്ചാരികളെ ആകർഷിക്കുക, സർക്കാർ, സാമ്പത്തിക സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനത്തിലൂടെ വിസ നടപടിക്രമങ്ങൾ വേഗത്തിലാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
2026ൽ ഇത് ഔദ്യോഗികമായി ആരംഭിക്കും. ലോകമെമ്പാടുമുള്ള കൂടുതൽ ബാങ്കുകളെയും ക്രെഡിറ്റ് കാർഡ് ദാതാക്കളെയും ഉൾപ്പെടുത്തി സംരംഭം ക്രമേണ വികസിപ്പിക്കും. ലോകമെമ്പാടുമുള്ള ആളുകളുടെ യാത്ര സുഗമമാക്കുന്നതിലും കൂടുതൽ കാര്യക്ഷമവും വഴക്കമുള്ളതുമായ സംവിധാനങ്ങൾ നിർമിക്കുന്നതിലും അടിസ്ഥാനപരമായ മാറ്റമാണ് ഈ സംരംഭം പ്രതിനിധീകരിക്കുന്നതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് പറഞ്ഞു.
അന്താരാഷ്ട്ര യാത്രക്കും ടൂറിസത്തിനും സൗകര്യമൊരുക്കുന്നതിനുമുള്ള നവീകരണത്തിന് സൗദി നേതൃത്വം നൽകുന്നത് തുടരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് വിദേശകാര്യ ഉപമന്ത്രി വലീദ് അൽഖുറൈജി പറഞ്ഞു. യോഗ്യരായ സന്ദർശകർക്ക് ഇലക്ട്രോണിക് രീതിയിലും തൽക്ഷണം എളുപ്പത്തിലും ടൂറിസ്റ്റ് വിസ നേടാൻ കഴിയുമെന്നും അൽഖുറൈജി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.