ഹൂത്തികളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന് യു.എൻ രക്ഷാസമിതിയോട് സൗദി

യാംബു: യമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യകളെ ഭീകര ശൃംഖലയായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവും പ്രധാന ദൗത്യമായി ഏറ്റെടുത്ത യു.എൻ രക്ഷാസമിതിയോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിൽ അവലോകന യോഗത്തിൽ ഐക്യരാഷ്ട്ര സഭയിലെ സൗദി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽ വാസിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹൂതികളെ തീവ്രവാദ വിഭാഗമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സൗദി അറേബ്യ എല്ലാവിധ പിന്തുണയും നൽകുന്നത് തുടരുമെന്നും അംബാസഡർ പറഞ്ഞു.

ഹൂതികൾ വീണ്ടും ആക്രമിക്കുകയാണെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്നും രാജ്യത്തിനെതിരെ ശത്രുതാപരമായ ആക്രമണങ്ങൾ ഉണ്ടായാൽ എന്ത് വിലകൊടുത്തും അത് ചെറുക്കും. ഒക്‌ടോബർ രണ്ടിന് രാജ്യവ്യാപകമായി വെടിനിർത്തൽ നീട്ടാനുള്ള യു.എൻ ദൂതന്റെ നിർദ്ദേശം ഹൂതികൾ നിരസിച്ചതിന് ലോകം സാക്ഷിയാണ്. തങ്ങളുടെ തീവ്ര പ്രത്യയശാസ്ത്ര താൽപര്യങ്ങൾക്ക് പരിഗണന നൽകുകയും യമൻ ജനതയെ ബന്ദികളാക്കി യുദ്ധമുഖത്തേക്ക് തള്ളിവിടുകയും ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് അറിയുന്നവർക്ക് വെടിനിർത്തൽ നിർദേശം അവർ തള്ളിക്കളഞ്ഞതിൽ അതിശയം തോന്നില്ലെന്നുംഅദ്ദേഹം അഭിപ്രായ പ്പെട്ടു.

നിയമപരമായ സർക്കാരിനെതിരെ ഹൂതികൾ അട്ടിമറിക്ക് ശ്രമിച്ചപ്പോൾ 2014 മുതൽ നടന്ന അനേകം നിഗൂഢമായ പ്രവർത്തികളുടെ ഒരു തുടർച്ചയാണ് അവർ വെടി നിർത്തൽ നിരസിച്ചത്. ചെങ്കടലിൽ ദുരന്തപൂർണമായ നിരവധി പ്രവർത്തനങ്ങൾ ഹൂതികൾ ഇതിനകം ചെയ്തിട്ടുണ്ടെന്നും, അനധികൃത ആയുധക്കടത്ത്, മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി വിനാശകരമായ ഭീകര പദ്ധതികൾ അവർ ചെയ്തതായും അംബാസഡർ വിവരിച്ചു. ഡ്രോണുകൾ വഴി അയൽ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വരെ നശിപ്പിച്ചുവെന്നും അവർ സമാധാനമല്ല ആഗ്രഹിക്കുന്നതെന്നും യമൻ ജനതയുടെ കഷ്ടപ്പാടുകൾ അവർ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

1990ലാണ് യമനിൽ ഹൂതി മൂവ്മെന്റിന്റെ തുടക്കം. സ്ഥാപകനായ ഹുസൈൻ ബദറുദ്ദീൻ അൽ ഹൂതിയുടെ പേരിലാണ് പ്രസ്ഥാനം അറിയപ്പെടുന്നത്. യമൻ ജനസംഖ്യയുടെ മൂന്നിലൊന്നുമാത്രം വരുന്ന സൈദി ഷിയാ ന്യൂനപക്ഷത്തിലാണ് അൽ ഹൂതി ജനിച്ചത്. പ്രതിഷേധങ്ങളുടെ മുൻ നിരയിൽ നിന്ന അൽ ഹൂതിയെ 2004-ൽ യമനി സൈന്യം വധിക്കുകയായിരുന്നു. ഏറ്റവും ദരിദ്രമായ അറേബ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ യമൻ. വർഷങ്ങളായി തുടരുന്ന യുദ്ധം രാജ്യത്തെ തകർത്തിരിക്കുകയാണ്. യാതനകൾ അനുഭവിക്കുന്നത് പാവപ്പെട്ട മനുഷ്യരും. യുദ്ധം യമനിലെ ജനതയുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. യമൻ പ്രശ്‌നം പരിഹരിക്കാൻ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗിന്റെ ശ്രമങ്ങൾ ഇപ്പോൾ ലോകം ഉറ്റുനോക്കുകയാണ്.

Tags:    
News Summary - Saudi to UN Security Council to declare Houthis as terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.