ശാസ്ത്രലോകത്ത് ചരിത്രമാകാൻ സൗദി; ‘അൽഉല ലൈറ്റ്ഹൗസ്’ ബഹിരാകാശ പദ്ധതിയുടെ രൂപകൽപനക്ക് അംഗീകാരം

തബൂക്ക്: മിഡിൽ ഈസ്​റ്റിലെ ഏറ്റവും അത്യാധുനികമായ ജ്യോതിശാസ്ത്ര നിരീക്ഷണാലയവും ബഹിരാകാശ സിഗ്​നൽ നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടുന്ന സംയോജിത പദ്ധതിയായ ‘അൽഉല ലൈറ്റ്ഹൗസ്’ യാഥാർത്ഥ്യത്തിലേക്ക്. ജ്യോതിശാസ്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള സമഗ്ര കേന്ദ്രമായി മാറുന്ന ഈ മെഗാ പ്രൊജക്റ്റി​െൻറ രൂപകൽപ്പനയ്ക്ക് അൽഉല റോയൽ കമീഷൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

ശാസ്ത്രീയ ഗവേഷണങ്ങൾക്കും പുതിയ കണ്ടെത്തലുകൾക്കും വഴിതുറക്കുന്ന ഈ കേന്ദ്രം സാംസ്കാരികവും ശാസ്ത്രീയവുമായ ഒരു പ്രധാന ലാൻഡ്‌ മാർക്കായിരിക്കും. അൽഉലയുടെ പ്രകൃതിദത്തവും സാംസ്കാരികവുമായ പരിസ്ഥിതിയെയും പ്രദേശത്തി​​െൻറ ജ്യോതിശാസ്ത്രപരമായ ചരിത്ര പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന നൂതന രൂപകൽപ്പനയാണ് അൽഉല ലൈറ്റ്ഹൗസി​​െൻറ പ്രധാന സവിശേഷത.

സൗദി വിഷൻ 2030​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ആഗോള ശാസ്ത്ര രംഗത്ത് രാജ്യത്തി​​െൻറ സ്ഥാനം മെച്ചപ്പെടുത്തുക, ജ്യോതിശാസ്ത്ര - ബഹിരാകാശ മേഖലകളിൽ മുൻനിരക്കാരാകുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നൂതന ജ്യോതിശാസ്ത്ര നിരീക്ഷണാലയം, സന്ദർശകർക്കായുള്ള ഗവേഷണ കേന്ദ്രം, അത്യാധുനിക ദൂരദർശിനികൾ (ടെലിസ്കോപ്പുകൾ), പ്രത്യേക നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തി​െൻറ ഭാഗമായി ഉണ്ടാകും.

നാല് മീറ്റർ വ്യാസമുള്ള ഒരു പ്രധാന ദൂരദർശിനിയും രണ്ട് മീറ്റർ വീതമുള്ള രണ്ട് ഉപ ദൂരദർശിനികളും ഇവിടെ സ്ഥാപിക്കും. നിർമാണം പൂർത്തിയാകുന്നതോടെ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണാലയങ്ങളിൽ ഒന്നായി മാറും. അൽഉല നഗരത്തിൽ നിന്ന് 70 കിലോമീറ്ററിലധികം വടക്കുമാറിയാണ് ഈ ബൃഹത് കേന്ദ്രം സ്ഥാപിക്കുന്നത്.

നക്ഷത്ര നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായതും തെളിഞ്ഞ ആകാശമുള്ളതുമായ ‘ഹാരത്ത് ഉവൈരിദ്’ റിസർവിനും ‘അൽ-ഗരാമിൽ’ സൈറ്റിനും ഇടയിലുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്. നഗരങ്ങളിൽ നിന്നുള്ള പ്രകാശ മലിനീകരണം ഏറ്റവും കുറഞ്ഞ പ്രദേശം എന്ന അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്.

സൗദി ബഹിരാകാശ ഏജൻസി, കിങ് അബ്​ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, ആഗോള പ്രശസ്തമായ എസ്‌.ഇ.ടി.ഐ ഇൻസ്​റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ പ്രമുഖ പങ്കാളികളുമായി സഹകരിച്ചാണ് അൽഉല റോയൽ കമീഷൻ ഇതി​​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നവീകരണത്തിനും ശാസ്ത്രീയ പുരോഗതിക്കുമുള്ള കേന്ദ്രമാക്കി ഇതിനെ മാറ്റുന്നതിനൊപ്പം, വിവിധ ഗവേഷണ-വികസന പദ്ധതികളെ ആകർഷിക്കാനും ജ്യോതിശാസ്ത്ര ടൂറിസത്തെ സമ്പന്നമാക്കാനും കമീഷൻ ലക്ഷ്യമിടുന്നു.

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, ബഹിരാകാശ പ്രേമികൾ എന്നിവരെ ആകർഷിക്കുന്നതിലൂടെ വലിയ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം കൈവരിക്കാൻ ‘അൽഉല ലൈറ്റ്ഹൗസ്’ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Saudi to Make History in the Scientific World; Design Approved for 'AlUla Lighthouse' Space Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.