ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ

ലോക റോബോട്ട് ഒളിമ്പ്യാഡിൽ മാറ്റുരക്കാൻ സൗദി വിദ്യാർഥികളും

യാംബു: നവംബറിൽ ജർമനിയിലെ ഡോർട്ട്മുണ്ട് നഗരത്തിൽ നടക്കുന്ന ലോക റോബോട്ട് ഒളിമ്പ്യാഡിൽ മാറ്റുരക്കാൻ സൗദി അറേബ്യൻ വിദ്യാർഥികളും. വിദ്യാഭ്യാസ മന്ത്രാലയം ഇതിനുള്ള ഒരുക്കം തുടങ്ങി. 90ലധികം രാജ്യങ്ങളിൽനിന്ന് ഒമ്പതു മുതൽ 19 വയസ്സുവരെയുള്ള വിദ്യാർഥികളാണ് ഒളിമ്പ്യാഡ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുക. അഞ്ചു വിഭാഗങ്ങളിലായി സൗദിയിൽനിന്നും വിദ്യാർഥികളെ പങ്കെടുപ്പിക്കും. ഒക്ടോബർ 11 മുതൽ 13 വരെ റിയാദിലെ കിങ് സൽമാൻ സയൻസ് ഒയാസിസിൽ നടന്ന ഒളിമ്പ്യാഡ് യോഗ്യത മത്സരങ്ങളിൽ 200ലധികം വിദ്യാർഥികളും 90 പരിശീലകരും പങ്കെടുത്തിരുന്നു.

സൗദി വയർലെസ് സ്‌പോർട്‌സ് ആൻഡ് റിമോട്ട് കൺട്രോൾ സ്‌പോർട്‌സ് ഫെഡറേഷനും കിങ് സൽമാൻ സയൻസ് ഒയാസിസിലെ റോബോട്ട് വകുപ്പും സംയുക്തമായി നടത്തിയ മൂന്നു ദിവസ യോഗ്യത മത്സരങ്ങളിൽ വിജയിച്ചവരാണ് ജർമനിയിലേക്ക് പോകുന്നത്.'എന്റെ റോബോട്ട്, എന്റെ സുഹൃത്ത്' എന്ന ശീർഷകത്തിൽ നടന്ന യോഗ്യത റൗണ്ട് മത്സരത്തിൽ കുട്ടികൾ സർഗാത്മകതയും സാങ്കേതിക ജ്ഞാനവും ഉപയോഗിച്ച് റോബോട്ടുകളെ നിർമിക്കുകയും അവയെകൊണ്ട് വിവിധ ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്ത് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു. ഫ്യൂച്ചർ ഇന്നവേറ്റർ, റോബോട്ട് ടാസ്‌ക് വിഭാഗങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ സ്‌മാർട്ട് റോബോട്ടിക് സൊല്യൂഷനുകൾ നിർമിക്കുകയും ക്രമരഹിതമായ ടാസ്‌ക്കുകൾ നിർവഹിക്കുന്നതിന് സ്‌മാർട്ട് റോബോട്ടുകളെ രൂപകൽപന ചെയ്യുകയും ചെയ്തു.

റോബോ സ്‌പോർട്ടിന്റെ വിഭാഗത്തിൽ റോബോട്ടുകൾ ടീമുകളായി ടെന്നിസ് മത്സരം കാഴ്ചവെച്ചു. ഫ്യൂച്ചർ എൻജിനീയർ വിഭാഗത്തിൽ പങ്കെടുത്തവർ എൻജിനീയറിങ് ഡിസൈൻ, പ്രോഗ്രാമിങ് കഴിവുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സംയോജിപ്പിച്ച് സ്വയം ഡ്രൈവിങ് കാർ മോഡൽ നിർമിച്ചതും മത്സരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. റോബോട്ട് പ്രോഗ്രാമിങ്ങിലൂടെ വിദ്യാർഥികളുടെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുകയാണ് വെർച്വൽ റോബോട്ട് ചലഞ്ച് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സൗദിയുടെ സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വെർച്വൽ റോബോട്ട് രംഗത്തെ വികാസത്തിനൊപ്പം മുന്നേറാൻ പുതുതലമുറയെ പ്രാപ്‌തരാക്കാൻ മന്ത്രാലയം ഇതുവഴി ലക്ഷ്യമിടുന്നു.

Tags:    
News Summary - Saudi students to compete in the World Robot Olympiad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.