ശ്രവണ വൈകല്യമുള്ള ഡ്രൈവർമാർക്ക് സുരക്ഷ ഉപകരണവുമായി സൗദി വിദ്യാർഥിനി

സ്വന്തം ലേഖകൻ

ജുബൈൽ: ശ്രവണ വൈകല്യമുള്ള ഡ്രൈവർമാർക്ക് സുരക്ഷ മെച്ചപ്പെടുത്തുന്ന ഉപകരണം വികസിപ്പിച്ച സൗദി മെഡിക്കൽ വിദ്യാർഥിനി ശ്രദ്ധേയയാകുന്നു. കിങ് സൗദ് യൂനിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനിലെ വിദ്യാർഥി റെനാദ് ബിൻത് മുസൈദ് അൽ ഹുസൈനാണ് വാഹനത്തിന് പുറത്തുള്ള ശബ്ദം തിരിച്ചറിഞ്ഞ് ഉടൻ പ്രവർത്തിക്കുന്ന 'സൗണ്ട് സെൻസർ' വികസിപ്പിച്ചതിന് അന്താരാഷ്ട്ര അവാർഡ് ലഭിച്ചിരിക്കുന്നത്.

പുറമെനിന്നുള്ള ശബ്ദ ആവൃത്തികൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള 'സൗണ്ട് സെൻസർ' സ്വീകരിക്കുകയും അത് ശബ്ദസ്രോതസ്സിന്റെ ചെറുവിവരണവും ചിത്രവും വർണവും ദൃശ്യപരമായി പ്രദർശിപ്പിക്കുകയും ഒപ്പം അപകടസാധ്യതയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ മത്സരത്തിലും കൊറിയ ഇന്റർനാഷനൽ യൂത്ത് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര മത്സരത്തിലും സ്വർണം നേടിയതുൾപ്പെടെ നിരവധി ആഗോള അവാർഡുകളും മെഡലുകളും റെനാദിന്റെ കണ്ടുപിടിത്തത്തിന് ലഭിച്ചുകഴിഞ്ഞു.

ചില രാജ്യങ്ങൾ ശ്രവണവൈകല്യമുള്ളവരെയും ബധിരരെയും വാഹനമോടിക്കുന്നത് തടയുന്നു എന്നതാണ് ഈ ഉപകരണം വികസിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് റെനാദ് പറഞ്ഞു. തന്റെ കണ്ടുപിടിത്തം ശ്രവണ വൈകല്യമുള്ള ഡ്രൈവർമാർ നേരിടുന്ന അപകടസാധ്യതകൾ കുറക്കുമെന്നും ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. ലോകമെമ്പാടുമുള്ള 466 ദശലക്ഷത്തിലധികം ബധിരർക്ക് വാഹനമോടിക്കാൻ തന്റെ 'സൗണ്ട് സെൻസർ' കണ്ടുപിടിത്തം സഹായകമാവും. ഒരേ സമയം അവരുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും സംരക്ഷിക്കുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും കഴിയും.

Tags:    
News Summary - Saudi student with safety equipment for drivers with hearing impairment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.