റിയാദ്: ഒരു വർഷത്തോളം ശമ്പളം മുടങ്ങിയ കമ്പനിയിലെ തൊഴിൽ പ്രശ്നം ഒത്തുതീർന്നു. കോടതിക്ക് പുറത്തുണ്ടായ ഒത്തുതീർപ്പിനെ തുടർന്ന് മലയാളികളും തമിഴ്നാട്ടുകാരുമായ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി തുടങ്ങി. അഞ്ചുപേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. അവശേഷിക്കുന്നവരിൽ മൂന്നുപേർ വ്യാഴാഴ്ച തിരിക്കും. ബാക്കിയുള്ളവർ അടുത്തയാഴ്ചകളിൽ പോകും. റിയാദിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയിലെ തൊഴിലാളികളാണ് പ്രശ്നത്തിലായിരുന്നത്. റോഡുകളിൽ ടെലിഫോൺ കേബിളുകൾ സ്ഥാപിക്കുന്ന കരാർ ജോലികൾ ചെയ്യുന്ന കമ്പനിയിലെ മലയാളികളും തമിഴ്നാട്ടുകാരും ഉൾപ്പെടെ 12 തൊഴിലാളികളാണ് ശമ്പളം മുടങ്ങിയെന്ന പരാതിയുമായി കഴിഞ്ഞ മാസം ഇന്ത്യൻ എംബസിയെ സമീപിച്ചത്. ബില്ലുകൾ മാറികിട്ടാനും മറ്റുമുണ്ടായ കാലതാമസം മൂലമാണ് ശമ്പളം മുടങ്ങിയത്. 10 വർഷത്തിലധികമായി ഇൗ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം.
ശമ്പളം മുടങ്ങിയതിന് പുറമെ ഇഖാമയുടെയും ഇൻഷുറൻസിെൻറയും കാലാവധി കഴിഞ്ഞിരുന്നു. ഇൗ നിലയിൽ ഇനി കമ്പനിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ശമ്പള കുടിശിക തീർത്തുകിട്ടി നാട്ടിൽ പോകാൻ വഴിയൊരുക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡൻറ് റാഫി പാങ്ങോടാണ് ഇവരുടെ വിഷയം എംബസി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. എംബസി കമ്യൂണിറ്റി വെൽഫെയർ വിങ് സെക്കൻഡ് സെക്രട്ടറി ജോർജ് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങുകയും അതിനായി കമ്പനിയധികൃതരോട് സംസാരിക്കാൻ റാഫി പാങ്ങോടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. റാഫിയും മറ്റൊരു സാമൂഹിക പ്രവർത്തകൻ ഷെബിൻ നിലയ്ക്കാമുക്കും കമ്പനിയധികൃതരെ കണ്ട് ചർച്ച നടത്തി. തൊഴിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് അറിയിച്ചപ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് കമ്പനിയധികൃതർ തയാറാവുകയായിരുന്നു.
എക്സിറ്റ് വിസയും വിമാന ടിക്കറ്റും അത്യാവശ്യ ചെലവുകൾക്കായി 2,000 റിയാൽ വീതവും നൽകാൻ അവർ സന്നദ്ധത അറിയിച്ചു. നാലുമാസത്തിനുള്ളിൽ ശമ്പളകുടിശിക മുഴുവൻ തീർത്തു നൽകാമെന്നും സമ്മതിച്ചു. ശമ്പളം ഏറ്റുവാങ്ങാൻ സൗദിയിൽ നിലവിലുള്ള ബന്ധുക്കൾക്ക് എംബസിയുടെയും ചേമ്പർ ഒാഫ് കോമേഴ്സിെൻറയും അംഗീകാരമുള്ള അധികാര പത്രം കൂടി നൽകിയതോടെ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തയാറായി. ഷിേൻറാ ബാലരാമപുരം, ഷിനു കാട്ടാക്കട, ജയപാൽ തിരുവല്ല, ഗിൽബെർട്ട് ജോൺ കാട്ടാക്കട, ചെന്നൈ സ്വദേശി രാമസ്വാമി എന്നിവരാണ് എയർ ഇന്ത്യാ വിമാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ബാലരാമപുരം സ്വദേശി ജയചന്ദ്രൻ, തമിഴ്നാട്ടിലെ വിഴുപ്പുറം സ്വദേശി കുമാരൻ, കടലൂർ സ്വദേശി രാമദുരൈ എന്നിവർ വ്യാഴാഴ്ച ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിൽ പോകും. ബാക്കി നാലുപേർ അടുത്തയാഴ്ചകളിൽ പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.