റിയാദ്: സൗദിയിലെ സ്തനാർബുദ രോഗികൾക്കിടയിൽ യോഗ വമ്പിച്ച പ്രചാരം നേടുന്നു. രോഗമേൽപ്പിക്കുന്ന ശാരീരിക പീഡകളിൽ നിന്ന് സ്വാസ്ഥ്യം തേടി യോഗയെ സമീപിക്കുന്ന സൗദി വനിതകളുടെ എണ്ണം വർധിക്കുന്നു. രോഗമുള്ളപ്പോഴുള്ള വേദനയും രോഗ വിമുക്തിക്ക് ശേഷം ചികിത്സയും മരുന്നുകളും ശരീരത്തിൽ ബാക്കിയാക്കുന്ന വൈഷമ്യതകളും മനോവ്യഥകളും മറക്കാൻ യോഗ സഹായിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. യുവതികളാണ് ഇവരിലധികവും. ഒരുകൂട്ടം യുവതികൾ കിഴക്കൻ സൗദിയിലെ അൽഖോബാറിൽ ഒരു യോഗാ ക്ലബ് തുടങ്ങുകയും യോഗപരിശീലനം സ്ഥിരമായി നടത്തുകയും ചെയ്യുന്നു. ശരീരം വഴങ്ങാൻ സഹായിക്കുന്ന വ്യായാമ മുറയെന്ന നിലയിലും മനസിന് ശാന്തി പകരുന്ന ചികിത്സോപാധിയായും യോഗ വളരെ വേഗം ജനകീയമായി കൊണ്ടിരിക്കുകയാണ്.
എന്നാൽ അർബുദ ചികിത്സകൾക്കിടയിലുണ്ടാകുന്ന വേദനാകരമായ അസ്വസ്ഥതകളിൽ നിന്ന് സ്വാസ്ഥ്യം നേടാൻ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗമെന്ന നിലയിൽ യോഗയെ കാണുന്നവരാണ് കൂടുതലും. സൗദിയിൽ യോഗയിലേക്ക് തിരിയുന്നതിൽ കൂടുതലും സ്തനാർബുദം പിടിപെട്ടവരാണ്. സൗദി യുവതികളുടെ യോഗ ഗ്രൂപ്പിെൻറ സ്ഥാപകയായ സഹർ അൽഫർഹാൻ ഇക്കാര്യമാണ് അടിവരയിടുന്നത്. അർബുദ വിമുക്തി നേടിയയാളാണ് സഹർ അൽഫർഹാൻ. ചികിത്സാകാലത്ത് കഠിന വേദനയാണ് അനുഭവിച്ചതെന്നും കീമോതെറാപ്പി ശരീരത്തെ ആകെ തകർത്തുകളഞ്ഞെന്നും എന്നാൽ യോഗ പരിശീലിക്കാൻ തുടങ്ങിയതോടെ ആ വൈഷമ്യങ്ങളൊക്കെ മറക്കുകയും ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തതെന്നും അവർ അൽഅറബിയ ചാനലിനോട് വെളിപ്പെടുത്തി. യോഗയിൽ നിന്ന് കിട്ടിയ ശാന്തി തനിക്ക് ആന്തരിക കരുത്ത് പകർന്നതായും അവർ പറയുന്നു.
കീമോതെറാപ്പിയുടെയും മറ്റ് ചികിത്സകളുടെയും പ്രത്യാഘാതങ്ങളെ മറികടക്കാൻ യോഗ സഹായിക്കും എന്ന തിരിച്ചറിവ് ഇപ്പോൾ ധാരാളം പേർക്കുണ്ടെന്നും നിരവധി സൗദി വനിതകൾ ഇൗ രംഗത്തേക്ക് വരുന്നുണ്ടെന്നും സഹറ കൂട്ടിച്ചേർത്തു. യോഗ ക്ലബ് ഇത്തരം രോഗികൾക്ക് ആശ്വാസം പകരാനുള്ള പദ്ധതികളാണ് നടത്തുന്നത്. യോഗ പരിശീലനത്തിന് ചേരാൻ ക്ലബ് യുവതികളെ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ചും ചികിത്സയിൽ കഴിയുന്നവരെ. അർബുദ പീഡകളെ നേരിടാൻ ഏറ്റവും നല്ല വഴി യോഗ തന്നെയാണെന്ന് നൗഫ് അൽസാദിരിയും സാക്ഷ്യപ്പെടുത്തുന്നു. ശരീരത്തിെൻറ സൂക്ഷ്മാവയവങ്ങളുൾപ്പെടെ മുഴുവൻ ഭാഗങ്ങേളയും സ്പർശിക്കുന്ന വ്യായാമ മുറയാണ് യോഗെയന്നും ഇത് ശാരീരിക പ്രക്രിയകളുടെ സ്വാഭാവികതയെ വീണ്ടെടുക്കുന്നു എന്നും നൗഫ് കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.