ദമ്മാം: ഭക്ഷണം ചോദിച്ചുവന്ന് ഇന്ത്യാക്കാരെൻറ മുറിയിൽനിന്ന് പണം കവർന്ന് കടന്ന യ ാചകൻ പിടിയിലായി. എന്നാൽ, സംഘം ചേർന്ന് മർദിച്ചു എന്ന പ്രതിയുടെ പരാതിയിൽ മലയാളിക്കെതിരെയും കേസെടുത്തു. രണ്ടാഴ്ച മുമ്പ് ദമ്മാമിലെ പാരഗൺ റസ്റ്റാറൻറിന് സമീപമാണ് കവർച്ച സംഭവമുണ്ടായത്. ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകിയ തമിഴ്നാട് സ്വദേശി പ്രദീപിെൻറ 15,000 റിയാലാണ് നഷ്ടപ്പെട്ടത്. യാചക വേഷത്തിലെത്തിയ പാകിസ്താൻ പൗരൻ പണം കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. ഇൗ സംഭവം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിൽ പരാതി നൽകിയ പ്രദീപും സുഹൃത്തുക്കളും സ്വന്തം നിലക്ക് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്.
പ്രദീപും സുഹൃത്തുക്കളും ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസിലേൽപിച്ചത്. എന്നാൽ, തന്നെ പ്രദീപും സംഘവും ക്രൂരമായി മർദിച്ചു എന്ന് പ്രതി മൊഴിനൽകി. ഇതോടെ സംശയം ജനിച്ച പൊലീസ് പ്രദീപിനെതിരെയും കേസെടുത്തു. പ്രതിയോടൊപ്പം പ്രദീപിനെയും ലോക്കപ്പിലാക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് ഇടപെട്ട് പൊലീസിനെ നിജസ്ഥിതി ബോധിപ്പിക്കാനായതും സി.സി ടി.വി ദൃശ്യങ്ങളും പ്രദീപിന് തുണയായി. സംഭവ ദിവസം പ്രതി മഴയത്ത് വരാന്തയിൽ നിൽക്കുന്നതും ഇയാളെ മുറിയിൽ കയറ്റിയിരുത്തി അയാൾക്ക് വേണ്ടി ഭക്ഷണം വാങ്ങാൻ പ്രദീപ് പോകുന്നതും പിന്നീട് പാകിസ്താനി പുറത്തേക്ക് പോകുന്നതുമാണ് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പ്രദീപിെൻറ നിരപരാധിത്വം തെളിയിക്കുന്നതായിരുന്നു. ഷാജി വയനാടാണ് പൊലീസ് സ്റ്റേഷനിലെത്തി ദൃശ്യങ്ങൾ ൈകമാറിയത്. തുടർന്ന് രാത്രിയോടെ പ്രദീപിനെ വിട്ടയച്ചു. അതേസമയം, പാകിസ്താനിക്കെതിരെ കേസ് ഫയൽ ചെയ്ത് മേൽനടപടി സ്വീകരിച്ചിരിക്കുകയാണ്. മാസങ്ങളായുള്ള സമ്പാദ്യമാണ് മുറിയിലെ ബാഗിൽ പ്രദീപ് വെച്ചിരുന്നത്. ഭക്ഷണം വാങ്ങി വരുന്നതുവരെ മഴ കൊള്ളാതിരിക്കാൻ മുറിയിൽ കയറ്റിയിരുത്തിയതാണ് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.