ജിദ്ദ: ഇന്ത്യൻ തീർഥാടകരുടെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയായതായി ഇന്ത്യൻ അ ംബാസഡർ ഡോ. ഒൗസാഫ് സഇൗദ് പറഞ്ഞു. ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് സൗഹൃദ സംഘത്തോടൊപ ്പം മക്കയിലെ മകാരിം അജിയാദ് ഹോട്ടലിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയ ായിരുന്നു അദ്ദേഹം. ഇത്തവണ ഹജ്ജ് കർമം സുഗമവും പ്രയാസരഹിതവുമായിരുന്നു. സ്വകാര്യഗ് രൂപ്പുകൾക്ക് കീഴിലെ 60,000 തീർഥാടകരടക്കം രണ്ടു ലക്ഷം പേരാണ് ഹജ്ജ് നിർവഹിച്ചത്.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ താമസവും ജംറകളിലെ കല്ലെറിയലുമെല്ലാം നല്ല നിലയിൽ കഴിഞ്ഞു. ചികിത്സയിലായിരുന്ന 55 പേരെ ആംബുലൻസ് വഴി അറഫയിലെത്തിച്ചു. ബലി കൂപ്പൺ മുഖേന 71,846 ബലികർമം നടത്തി. തീർഥാടകരുടെ താമസവും യാത്രകളും മെഡിക്കൽ സൗകര്യങ്ങളും മികച്ചതായിരുന്നു. ‘ഹൈ റിസ്ക്’ ഗ്രൂപ്പിൽപ്പെട്ട തീർഥാടകർക്ക് പ്രത്യേക മെഡിക്കൽ പരിരക്ഷ ഒരുക്കി. 45 ഒാളം തീർഥാടകർ 90 വയസ്സിനു മുകളിലുള്ളവരായിരുന്നു. 101 വയസ്സുള്ള അത്താർ ബീവി എന്ന തീർഥാടകയും കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും ഹജ്ജ് കർമം സംതൃപ്തിയോടെ പൂർത്തിയാക്കി. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ വെച്ച് 11 പേർ മരണമടഞ്ഞു.
മുൻവർഷം മരിച്ചവരുടെ എണ്ണം 21 ആയിരുന്നു. മൊത്തം മരണമടഞ്ഞവർ ഇതുവരെ 52 ആണ്. ഇതിൽ 44 പേർ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും എട്ടു പേർ സ്വകാര്യ ഗ്രൂപ്പുകളിലൂടെയും എത്തിയവരാണ്. മിനയിലെ താമസത്തിനിടയിൽ തീർഥാടകർ ഉന്നയിച്ച പ്രശ്നങ്ങൾ മുത്വവ്വഫ്, ഹജ്ജ് മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ ഹജ്ജ് ക്യാമ്പ് ഒാഫിസ് പരിഹരിച്ചു.
രണ്ട് മെഡിക്കൽ കോഒാഡിനേറ്റർ, 35 സ്പെഷലിസ്റ്റുകളുൾപ്പെട്ട 168 ഡോക്ടർമാർ,181 പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ ഉൾപ്പെട്ട സംഘം തീർഥാടകരുടെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു. 3.5 കോടിയുടെ മരുന്നുകളാണ് ഇന്ത്യയിൽനിന്ന് അയച്ചുനൽകിയത്. മക്ക, മദീന, ജിദ്ദ ഹജ്ജ് ടെർമിനൽ എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ പ്രവർത്തിച്ചു. 17 ആംബുലൻസുകൾ മുഴുസമയ സേവനത്തിനുണ്ടായിരുന്നു. 2018 ൽ ഇന്ത്യൻ കോൺസുലേറ്റ് വികസിപ്പിച്ചെടുത്ത തീർഥാടകരുടെ മെഡിക്കൽ ഡാറ്റാ ബെയ്സ് ( ഇ മെഡിക്കൽ അസിസ്റ്റൻറ് സിസ്റ്റം) ഇത്തവണയും വിജയകരമായിരുന്നു.
ഹജ്ജ് സേവനത്തിന് 620 ജോലിക്കാരെയാണ് ഇന്ത്യ ഗവൺമെൻറ് അയച്ചത്. താമസസ്ഥലങ്ങൾ അറിയുന്നതിനുള്ള മൊബൈൽ ആപ്പ്, മദീനയിൽ ഒരോ തീർഥാടകനും താമസസ്ഥലം മൂൻകൂട്ടി നിശ്ചയിക്കൽ, ലഗേജുകർ താമസ കേന്ദ്രങ്ങളിലെത്തിക്കൽ, ഇ-വിസാ സംവിധാനം നൂറ് ശതമാനം നടപ്പിലാക്കൽ എന്നിവ ഇത്തവണത്തെ ശ്രദ്ധേയ നേട്ടങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാമടങ്ങിയ 459 കെട്ടിടങ്ങളാണ് തീർഥാടകരുടെ താമസത്തിനായുണ്ടായിരുന്നത്.
മഹ്റമില്ലാതെ 2229 സ്ത്രീകളാണ് ഹജ്ജിനെത്തിയത്. ഇവർക്ക് പ്രത്യേക ബിൽഡിങ്ങും ഡിസ്പെൻസറിയും ബസ് സ്റ്റേഷനും ബസുകളും ഒരുക്കി. ഒരു വനിത കോഒാഡിനേറ്റർക്ക് കീഴിൽ 16 വനിത ഒാഫിസ് ജോലിക്കാരും പത്ത് വനിത സേവകരും ഇവർക്കായി ഒരുക്കി. 1,22,000 ഇന്ത്യൻ ഹാജിമാർക്ക് അസീസിയയിൽനിന്ന് ഹറമിലേക്കും തിരിച്ചുമുള്ള യാത്രക്ക് മുഴുസമയം ബസ് സർവിസും 15 ബസ് സ്റ്റോപ്പുകളും ഒരുക്കി. 2018 മോഡലിനു മുകളിലുള്ള ബസുകളായിരുന്നു സർവിസ് നടത്തിയിരുന്നത്. തീർഥാടകർക്ക് ബന്ധപ്പെടാൻ ടോൾ ഫ്രീ നമ്പറും, വാട്ട്സ്ആപ് നമ്പറും ഒരുക്കി. ഹജ്ജ് കർമം വിശദീകരിക്കുന്നതിന് പ്രത്യേക വിഡിയോ തയാറാക്കി ബിൽഡിങ്ങുകളിൽ പ്രദർശിപ്പിച്ചു. സിം കാർഡുകൾ നാട്ടിൽ നിന്ന് വിതരണം ചെയ്തു. താമസ കേന്ദ്രങ്ങളിൽ രണ്ട് തവണ വരെ പാചക ഗ്യാസ് നിറച്ചുകൊടുത്തു. ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ 74000 തീർഥാടകർക്ക് മെട്രോ ടിക്കറ്റും നൽകിയിരുന്നു. തീർഥാടകരുടെ ലഗേജുകൾ യാത്രക്ക് മുമ്പ് പരിശോധിച്ച് നേരത്തേ ശേഖരിക്കാനുള്ള സംവിധാനമൊരുക്കിയതായും അംബാസഡർ പറഞ്ഞു. ഇന്ത്യൻ ഹജ്ജ് സൗഹൃദ സംഘം തലവൻ ആർക്കോട്ട് പ്രിൻസ് നവാബ് മുഹമ്മദ് അബ്ദുൽ അലി, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ വൈ. സാബിർ, സയ്യിദ് ഖയ്റുൽ ഹസൻ റിസ്വി, ശ്രിജാ ഇ ആലം, മോയിൻ അക്തർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.