ദമ്മാം: അബൂദബിയിൽ നിന്ന് കാണാതായ മലയാളി യുവാവ് അൽ ഹസയിലെ ജയിലിലുള്ളതായി സ്ഥിരീകരണം. കാസർകോട് നീലേശ്വരം പാലായിൽ ഹാരിസിനെയാണ് (28 ) കഴിഞ്ഞ മാസം ഡിസംബർ എട്ടാം തീയതി മുതൽ അബൂദബിയിൽ നിന്ന് കാണാതായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇയാൾ അൽ അഹ്സയിലെ ജയിലിലുണ്ടെന്ന് കണ്ടെത്തിയത്. ജയിലിൽ ഭക്ഷണം കഴിക്കാതെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഹാരിസ് ഇപ്പോൾ അൽ ഹസ മാനസികാരോഗ്യകേന്ദ്രത്തിലെ ജയിൽ വാർഡിൽ ആണുള്ളത്. അബൂദബി ഹംദാൻ സ്ട്രീറ്റിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബർ മാസം നടന്ന സഹോദരീപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കമ്പനിയോട് അവധി ചോദിച്ചിരുന്നുവത്രെ. അത് ലഭിക്കാതെ വന്നതോടെ വിസ റദ്ദാക്കി തെന്ന നാട്ടിലയക്കണമെന്ന് ഇദ്ദേഹം വാശിപിടിച്ചു. ജോലിക്ക് പകരം സംവിധാനം ഉണ്ടാക്കാനായി 15 ദിവസം കാത്തിരിക്കാൻ കമ്പനി ആവശ്യപ്പെെട്ടങ്കിലും അധികൃതരുമായി സംസാരിച്ചു പിണങ്ങി നാടുവിടുകയായിരുന്നു.
സൗദിയുടെ അതിർത്തി കടന്ന ഹാരിസിനെ രേഖകളില്ലാത്തതിനാൽ സൗദി അതിർത്തി സുരക്ഷാസേന കസ്റ്റഡിയിലെടുക്കുകയും അൽ അഹ്‌സ സെൻട്രൽ ജയിലിനു കൈമാറുകയുമായിരുന്നു. സൗദിയിലേക്ക് നുഴഞ്ഞു കയറി എന്നാണ് കേസ്. ഏകദേശം ഒരു മാസമായി ഹാരിസ് അൽ അഹ്‌സ ജയിലിൽ എത്തിയിട്ട്. ഇയാൾ ശക്തമായ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സഹതടവുകാർ പറഞ്ഞു. രാജ്യാതിർത്തി ഭേദിച്ചതിനെ തുടർന്നുള്ളള കേസ് ഒഴിവായി നാട്ടിലെത്താൻ കൂടുതൽ സമയം വേണ്ടി വന്നേക്കും എന്നറിഞ്ഞതോടെ ഇയാൾ കുടുതൽ സമ്മർദത്തിലായി.ഇതോടെ ജയിലിൽ ആഹാരത്തോട് വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത ഹാരിസിനെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ജയിൽ അധികൃതർ ചികിത്സക്കായി അൽഅഹ്‌സ സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് മാറ്റി. മാനസികാശുപത്രിയിലെ ജയിൽ വാർഡിൽ ആണ് ഇപ്പോൾ ഹാരിസുള്ളത്. അൽ അഹ്സയിലെ സാമൂഹ്യ പ്രവർത്തകരായ ഹനീഫയും നാസർ മഅ്ദിനിയും ഇദ്ദേഹത്തിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.