രാഗഭരിതമീ പ്രവാസം

ജുബൈൽ : ശുദ്ധ രാഗങ്ങളുടെ മിഴിവാർന്ന ഈരടികളുമായി പ്രവാസ സംഗീത ലോകത്ത് മലയാളിയുടെ നിറസാന്നിധ്യം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ആലപ്പുഴ തൈപ്പറമ്പിൽ കൊച്ചുമോൻ കാരിച്ചാൽ ആണ് സംഗീതലോകത്ത്​ ശ്രദ്ധേയമായ ചുവടുവെയ്​പ്പുകളുമായി മുന്നേറുന്നത്. രാഗാധിഷ്ഠിതമായ നിരവധി ഗാനങ്ങളും ആൽബങ്ങളും പുറത്തിറക്കിയ കൊച്ചുമോൻ അന്തരിച്ച ഗസൽ ഗായകൻ ഉമ്പായിക്ക് വേണ്ടി പുതിയൊരു ആൽബം ചിട്ടപ്പെടുത്തുന്ന തിരക്കിലാണ്. ഗാന രചന, സംഗീത സംവിധാനം, ആലാപനം തുടങ്ങി ഗാന ശാഖയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കൊച്ചുമോന്​ വഴങ്ങും. ദൗത്യം, തുമ്പപ്പൂവും മാവേലിയും ഉൾപ്പടെ അഞ്ച്​ ആൽബവും, 110 ഗാനങ്ങളും, അഞ്ച് കവിതകളും, ഒരു നാടക ഗാനവുമാണ് ഇതിനകം പൂർത്തിയാക്കിയിട്ടുള്ളത്. പ്രശസ്ത ഗായകരായ പി. ജയചന്ദ്രൻ, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, അഭിജിത് കൊല്ലം, രാജലക്ഷ്മി ചിത്ര അരുൺ, എലിസബത്ത് രാജു, മിഥില മൈക്കിൾ എന്നിവർ കൊച്ചുമോൻ രചിച്ച് സംഗീതം നിർവഹിച്ച ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മായാ മാളവ ഗൗള, ഹംസധ്വനി, മധ്യമാവതി മുതൽ ഖരഹരപ്രിയ വരെ മുപ്പതോളം രാഗങ്ങളിലാണ് ഇതുവരെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ വർഷം ദമ്മാമിൽ അരങ്ങേറിയ ‘ശിഖണ്ഡിനി’ എന്ന നാടകത്തിൽ ഗാനമൊരുക്കി. സിനിമ പിന്നണി ഗാന രചയിതാവ് നിശാന്ത് കൊടമനക്കൊപ്പം ‘ഉമ്പായി സ്‌മൃതികൾ’ എന്ന ആൽബത്തി​​​െൻറ ജോലികളാണ്​ പുരോഗമിക്കുന്നത്​. കർണാടക സംഗീതത്തിൽ കുട്ടികൾക്ക് നേരിട്ടും ഓൺലൈൻ വഴിയും സംഗീത പഠനം നടത്തുന്നുണ്ട്. പ്രവാസി വിഷൻ ചാനലി​​​െൻറ സംഗീതാധിഷ്ഠിത പരിപാടിയായ ‘ഇഷ്​ടരാഗ’ങ്ങളുടെ റെക്കോർഡിങ് കൊച്ചുമോ​​​െൻറ നേതൃത്വത്തിൽ നടന്നുവരുന്നു. ഹരിപ്പാട് ബോയ്സ് എച്ച്.എസിൽ കലാപ്രതിഭയായിരുന്ന കൊച്ചുമോൻ കാർമൽ പോളിടെക്‌നിക്കിലും കലാ പ്രകടനങ്ങൾക്ക് മുന്നിൽ തന്നെയായിരുന്നു. ലളിതഗാനം, പദ്യപാരായണം, മാപ്പിളപ്പാട്ട് തുടങ്ങി എല്ലാ മത്സരങ്ങൾക്കും ഒന്നാം സ്ഥാനം. കോളജ് വിദ്യാഭ്യാസത്തിനു പുറമെ മുതുകുളം ശശികുമാറി​​​െൻറ കീഴിൽ നടത്തിയിരുന്ന സംഗീതപഠനം വീട്ടുകാരുടെ എതിർപ്പു മൂലം പാതിവഴിയിൽ ഉപേക്ഷിച്ചു.

ജോലി ആവശ്യാർഥം മും​ൈബയിൽ കഴിഞ്ഞ നാളുകളിൽ അന്നത്തെ പ്രശസ്തയായ ഡോ. രേവതി ശേഷാദ്രിയുടെ ശിഷ്യത്വം സ്വീകരിച്ച് സംഗീത പഠനം പുനരാരംഭിച്ചു. ത​​​െൻറ ഗാനാലാപനം കേട്ട ഡോ.രേവതി ശേഷാദ്രി ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ ക്ഷണിക്കുകയായിരുന്നുവെന്ന് കൊച്ചുമോൻ പറഞ്ഞു. നാല് വർഷത്തെ സംഗീത പഠനത്തിന് ശേഷം സ്വയം ചിട്ടപ്പെടുത്തിയ ഒരു ക്രിസ്ത്യൻ ഭക്തിഗാനം ആൽബമാക്കാൻ വേണ്ടി മുട്ടാത്ത വാതിലുകളില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ‘ദിവ്യ സ്നേഹാമൃതം’ എന്ന ആൽബം പുറത്തിറങ്ങിയതിൽ പിന്നെ കൊച്ചുമോന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 17 വർഷം ത്വാഇഫിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടു വർഷം മുമ്പാണ് ജുബൈലിൽ എത്തിയത്. ത്വാഇഫ് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യ റീനയാണ് സംഗീത വഴിയിൽ കൊച്ചുമോന് എല്ലാ പിന്തുണയും നൽകുന്നത്. സംഗീത്, ശ്രുതി എന്നീ മക്കളുണ്ട്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.