ജിദ്ദ: സൗദി അറേബ്യക്കും സഖ്യസേനക്കും നേരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നിർത്തിവെച്ചതായി ഹൂതികളുടെ പ്രഖ്യാപനം. യു. എൻ ആവശ്യം മാനിച്ചാണ് വെടിനിർത്തൽ. യു.എൻ ദൂതനുമായി ബന്ധപ്പെട്ട ശേഷമാണ് തീരുമാനമെന്ന് ഹൂതികളുടെ നേതാവ് മുഹമ്മദ് അലി അൽ ഹൂതി പറഞ്ഞു. യു.എൻ യമൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്ത് ഹൂതികളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. അതേ സമയം മാരിബിൽ നിന്ന് തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ ഞായറാഴ്ച തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.
സൗദി നേതൃത്വം നൽകുന്ന സഖ്യസേന ഹുദൈദ ഒാപറേഷൻ നിർത്തിവെക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഹൂതികളുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച സഖ്യസേന ആസ്ഥാനം ലക്ഷ്യമാക്കി നടത്തിയ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം വിഫലമാക്കിയതായും സേന അറിയിച്ചു. യമൻ യുദ്ധത്തിന് അറുതി വരുന്നതിെൻറ സുപ്രധാന നീക്കമായാണ് ഹൂതികളുടെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. യുദ്ധം അവസാനിപ്പിക്കാനുളള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച സ്വീഡന്‍ വേദിയാകാനിരിക്കെയാണ് ഹൂതികളുടെ ഭാഗത്ത് നിന്നുള്ള സുപ്രധാന പ്രഖ്യാപനം. ഇതിന് മുന്നോടിയായുള്ള പ്രമേയം യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കും.
തടവുകാരെ കൈമാറി രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഎന്‍. യുദ്ധമസാനിപ്പിക്കാന്‍ സമയമായെന്ന യു.എസ് നിലപാട് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അബ്ദുറബ്ബ് മന്‍സൂർ ഹാദിയെ നിലനിര്‍ത്തി രാഷ്ട്രീയ പരിഹാരം വേണമെന്നാണ് സൗദിയുടെ ആവശ്യം. ചര്‍ച്ചക്ക് സന്നദ്ധമെന്ന ഹൂതികളുടെയും യമന്‍ സര്‍ക്കാറിെൻറയും പക്ഷം. ഇതെല്ലാം യുദ്ധമസാനിപ്പിച്ചേക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. സമാന ചിന്താഗതിയിലാണ് മധ്യസ്ഥരും.
2015 ലാണ് യമനിൽ വിമത വിഭാഗമായ ഹൂതികളെ തുരത്താൻ സൗദി നേതൃത്വത്തിൽ സഖ്യസേന രംഗത്തിറങ്ങിയത്. ഇതോടെ നിരവധി മിസൈൽ ആക്രമണങ്ങൾ സൗദിക്ക് നേരെയുണ്ടായി. പല തവണ റിയാദിന് നേരെ മിസൈൽ ആക്രമണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.