റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ വനിത സർവകലാശാല റിയാദിലെ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിലെ സെൻട്രൽ ലൈബ്രറിയുടെ വാതിലുകൾ പുരുഷന്മാർക്കു വേണ്ടിയും തുറന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ലൈബ്രറിയിൽ പ്രവേശനാനുമതി നൽകിയ തീരുമാനം ഇൗ മാസം ആറ് മുതൽ നടപ്പായി. യൂനിവേഴ്സിറ്റി ലൈബ്രറി അഫയേഴ്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഗവേഷകർ, ബുദ്ധിജീവികൾ, വായനാതൽപരർ എന്നിവർക്കാണ് ലൈബ്രറിയുടെ വിപുലമായ സൗകര്യം ആഴ്ചയിലൊരു ദിനം തുറന്നിടുന്നത്. യൂനിവേഴ്സിറ്റിയുടെ അതിവിശാലമായ കാമ്പസിനുള്ളിൽ മെട്രോ റെയിൽ എ ഒമ്പത് സ്റ്റേഷന് എതിർവശത്താണ് സെൻട്രൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതി ‘വിഷൻ 2030’െൻറ ഭാഗമായാണ് ലോകോത്തര മികവുള്ള ലൈബ്രറി സൗകര്യം പുരുഷ ഗവേഷകർക്കും വിദ്യാർഥികൾക്കും ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ലൈബ്രറി അഫയേഴ്സ് ഡീൻ ഡോ. ഹനാൻ സാഖിഹ് പറഞ്ഞു.
സമൂഹത്തിലെ എല്ലാ തുറകളിലുള്ളവർക്കും വിജ്ഞാനപകരുകയും പ്രാദേശിക ഗവേഷണ പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്ത് സൗദി വിദ്യാഭ്യാസ, വൈജ്ഞാനിക രംഗങ്ങളെ ആഗോള നിലവാരത്തിൽ എത്തിക്കാനും അതിനനുസൃതമായ പ്രചുരപ്രചാരം നേടുകയും ചെയ്യുക എന്ന യൂനിവേഴ്സിറ്റിയുടെ യഥാർഥ ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങളിലൊന്നായാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്ന് പുരുഷന്മാർക്ക് പ്രാപ്യമാക്കുന്ന ഇൗ തീരുമാനമെന്നും ഡോ. ഹനാൻ പറഞ്ഞു. ഗവേഷകർക്ക് എല്ലാ അർഥത്തിലുമുള്ള പിന്തുണ നൽകുകയും ശാസ്ത്രീയ ഗവേഷണത്തിെൻറ ഗുണമേന്മ വർധിപ്പിക്കുകയും ചെയ്യുക എന്നതും ലൈബ്രറിയുടെ ലക്ഷ്യങ്ങളാണ്. വിജ്ഞാനദാഹികളായി ലൈബ്രറിയിലെത്തുന്ന പുരുഷന്മാർക്ക് ഗ്രന്ഥങ്ങൾ തെരഞ്ഞെടുക്കാനും വിവര സമ്പാദനത്തിനും റഫറൻസിനും വേണ്ട എല്ലാ സൗകര്യങ്ങളും ലൈബ്രറി ഒരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻറർനെറ്റും ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായതെന്തും കാമറയിൽ പകർത്താനും ഡിജിറ്റൽ ഡാറ്റാബേസ് ശേഖരിക്കാനുമെല്ലാം സൗകര്യമുണ്ട്. ലൈബ്രറിയിലുള്ള മുഴുവൻ പുസ്തകങ്ങളും സംബന്ധിച്ചുള്ള വിശദമായ സൂചിക ലഭ്യമാണ്. 10 വയാനാമുറികളാണ് ൈലബ്രറിയിലുള്ളത്. ലോകവിജ്ഞാനത്തിെൻറ എല്ലാ വിഭാഗങ്ങളും ഇവിടെയുണ്ട്. പുറമെ കൈയ്യെഴുത്തു പ്രതികൾ, വിദ്യാഭ്യാസവും സാേങ്കതിക വിദ്യയുമായി ബന്ധപ്പെട്ടത്, സർക്കാർ പ്രസിദ്ധീകരണങ്ങൾ എന്നീ പ്രത്യേക ഹാളുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.