വിദേശ രാജ്യങ്ങളിൽ സൗദി റിലീഫ് സെന്റർ നടത്തുന്ന ഭക്ഷ്യസഹായ വിതരണം
യാംബു: കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ വിവിധ ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണ പദ്ധതി ഈ ആഴ്ചയും തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. മൗറിതാനിയ, സുഡാൻ, അൽബേനിയ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിലും ഭക്ഷണപ്പൊതികൾ വിതരണംചെയ്തു.
ലബനാനിൽ ക്യാമ്പുകളിൽ കഴിയുന്ന സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്ക് കെ.എസ് റിലീഫ് 32 ടണ്ണിലധികം ഭക്ഷണപ്പൊതികൾ വിതരണംചെയ്തു. ഇവ 2,500ലധികം അഭയാർഥികൾക്ക് പ്രയോജനപ്പെട്ടു. അൽബേനിയയിൽ നാല് ടൺ ഭക്ഷണപൊതികളും മൗറിതാനിയയിലെ നവാക്ചോട്ടിൽ ഏകദേശം ഏഴ് ടൺ ഭക്ഷണ കിറ്റുകളും വിതരണംചെയ്തു. നോർത്ത് ഡാർഫറിൽ മൊത്തം 500 ഭക്ഷണ കൊട്ടകൾ വിതരണംചെയ്യുകയും ഇത് 3,198 പേർക്ക് പ്രയോജനം ലഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും ദുരിതാശ്വാസ സേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും സ്ഥാപിച്ചതാണ് കിങ് സൽമാൻ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് സെന്റർ. ഇതിന്റെ പ്രവർത്തനങ്ങൾ റമദാൻ മാസത്തിൽ കൂടുതൽ ഊർജിതമായി നടക്കുന്നുവെന്നും സുമനസ്സുകളുടെ പിന്തുണയോടെ ബൃഹത്തായ പദ്ധതികളാണ് പല രാജ്യങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.എസ് റിലീഫ് അധികൃതർ അറിയിച്ചു. സാമ്പത്തിക പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും ദരിദ്രരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും പ്രത്യേകിച്ച് റമദാൻ മാസത്തിൽ അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഭക്ഷ്യസഹായ പദ്ധതികളാണ് സൗദി നടപ്പാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.