യാംബു: ഖത്തർ തലസ്ഥനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് സൗദി പത്രങ്ങളും. ഇസ്രായേൽ ആക്രമണത്തോടുള്ള സൗദിയുടെ നിർണായക പ്രതികരണം സമവാക്യം മാറ്റുകയും ഗൾഫ് ഐക്യത്തെ സ്ഥിരീകരിക്കുകയും ചെയ്തതായി പ്രമുഖ സൗദി പത്രമായ അൽ റിയാദ് എഡിറ്റോറിയലിൽ വ്യക്തമാക്കി.
ഖത്തറിന്റെ പരമാധികാരത്തെയും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും സംരക്ഷിക്കുന്നതിൽ രാജ്യം മുൻപന്തിയിലാണ്. ഇസ്രായേൽ ആക്രമണത്തോടുള്ള സൗദിയുടെ വേഗത്തിലുള്ളതും നിർണായകവുമായ പ്രതികരണം കേവലം നയതന്ത്രപരമായ നിലപാട് മാത്രമല്ല, ഗൾഫ് സുരക്ഷ അവിഭാജ്യമാണെന്ന തന്ത്രപരമായ പ്രഖ്യാപനമാണെന്നും ഖത്തറിന്റെ പരമാധികാരത്തെയും മേഖലയുടെ സ്ഥിരതയെയും സംരക്ഷിക്കുന്നതിൽ സൗദി മുൻനിരയിൽ നിൽക്കുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്തു. 'രാജ്യത്തിന്റെ ശബ്ദം വ്യക്തവും നിർണായകവുമായിരുന്നു. ഏതൊരു ഗൾഫ് രാജ്യത്തെയും ദ്രോഹിക്കുന്നത് മുഴുവൻ ഗൾഫ് കുടുംബത്തെയും ദ്രോഹിക്കുന്നതിന് തുല്യമാണ്. എന്നാണ് അൽ റിയാദ് ചൂണ്ടിക്കാട്ടിയത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഒരു ക്ഷണികമായ പ്രതികരണമല്ല, മറിച്ച് ആ നിമിഷത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തെ പ്രതിഫലിപ്പിക്കുന്ന ഒരു രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്നും പത്രം വിശദീകരിച്ചു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ പൂർണ പിന്തുണ ഖത്തറിനുള്ളത് പ്രഖ്യാപിച്ചതിനെയും സൗദി പത്രങ്ങൾ ഏറെ പ്രശംസിച്ചു. എല്ലാ സന്നാഹങ്ങളോടും കൂടിയുള്ള രാജ്യത്തിന്റെ പിന്തുണ സ്ഥിരീകരിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മാർത്ഥമായ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അർത്ഥം ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും പത്രം അഭിപ്രായപ്പെട്ടു.ഇസ്രായേലിന്റെ ആക്രമണത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല, മറിച്ച് പ്രാദേശിക, അന്തർദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഒരു വിപുലീകരണ നയത്തിന്റെ ഭാഗമായാണ് കാണുന്നതെന്നാണ് 'അൽ മദീന' അഭിപ്രായപ്പെട്ടത്.'സൗദിയുടെ പ്രതികരണം വഴിത്തിരിവായി' എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് മറ്റു ചില പത്രങ്ങൾ പ്രതികരിച്ചത്.
സൗദി ഇതര അറബ് രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിലും, പ്രാദേശിക സുരക്ഷ ഉറപ്പുവരുത്തുന്നതിലും, ഏതൊരു ആക്രമണത്തിനെതിരെയും ഗൾഫിനെ ഒരു ഏകീകൃത മതിലായി സംരക്ഷിക്കുന്നതിലും നിർണായക ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അത് ഏറെ ഫലപ്രദമാകുമെന്നും പ്രദേശിക പത്രങ്ങൾ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യകാര മാണെന്നും ഖത്തറിന് പൂർണ പിന്തുണ അനിവാര്യമാണെന്നും പത്രങ്ങൾ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.