ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗ്ഗനിർദ്ദേശ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽശൈഖ്

അമിത വാടകയ്ക്കും ലാഭക്കൊതിക്കുമെതിരെ ജുമുഅ ഖുതുബയിൽ ഉദ്ബോധനം നടത്തണം - സൗദി മതകാര്യവകുപ്പ്

ജിദ്ദ: ഭവന മേഖലയിലെ വിലക്കയറ്റവും അമിതമായ വാടക വർധനയും നിയന്ത്രിക്കുന്നതിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ രാജ്യത്തെ പള്ളി ഇമാമുമാർക്ക് നിർദ്ദേശവുമായി ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗ്ഗനിർദ്ദേശ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽശൈഖ്. അടുത്ത വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിൽ (പ്രഭാഷണം) അത്യാഗ്രഹത്തിൻ്റെയും അമിതമായ വാടക വർധനയുടെയും അപകടങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കാനാണ് മന്ത്രിയുടെ നിർദേശം.

റിയൽ എസ്റ്റേറ്റ് മേഖലയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയുടെ നിർദേശപ്രകാരം പുറത്തിറക്കിയ പുതിയ നിയമങ്ങളുടെ മഹത്തായ ലക്ഷ്യങ്ങൾ ഖുതുബയിൽ വിശദമാക്കണം. ഈ നിയമങ്ങൾ പൗരന്മാർക്കും താമസക്കാർക്കും ഭവനം സുഗമമാക്കാനും, അതുവഴി നിരവധി കുടുംബങ്ങൾക്ക് മാനസികവും സാമൂഹികവുമായ സ്ഥിരത നൽകാനും ലക്ഷ്യമിടുന്നു. വാടകക്കാരെ ദ്രോഹിക്കുകയും കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന അമിതമായ ലാഭക്കൊതിയും അത്യാഗ്രഹവും ഒഴിവാക്കണമെന്ന് പ്രഭാഷണത്തിലൂടെ വസ്തു ഉടമകളോട് ആവശ്യപ്പെടണം.

അത്യാഗ്രഹവും ആർത്തിയും ഇസ്‌ലാമിക നിയമപ്രകാരം നിന്ദ്യമാണെന്ന് ഖുതുബയിൽ മുന്നറിയിപ്പ് നൽകണം. ലാഭം വർധിപ്പിക്കാൻ വേണ്ടി വാടക അമിതമായി ഉയർത്തുന്നത് ജനങ്ങളുടെ ഉപജീവനത്തെ തടസ്സപ്പെടുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വസ്തു ഉടമകൾ സർവ്വശക്തനായ ദൈവത്തെ ഭയപ്പെടാനും, വാടകക്കാരുമായിട്ടുള്ള ഇടപാടുകളിൽ വിട്ടുവീഴ്ചയും സഹിഷ്ണുതയും കാണിക്കാനും, കാര്യങ്ങൾ എളുപ്പമാക്കുന്നതിലൂടെ ദൈവത്തിൽ നിന്ന് പ്രതിഫലം തേടാനും മന്ത്രി ആവശ്യപ്പെട്ടു.

മുസ്‌ലിംങ്ങൾക്ക് ദോഷം വരുത്തുന്നതിനെ ഇസ്‌ലാം വിലക്കുന്നു എന്നതിനും ഊന്നൽ നൽകണം. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും, നീതി, കാരുണ്യം, മിതത്വം എന്നിവയ്ക്ക് ആഹ്വാനം ചെയ്യുന്ന ഇസ്‌ലാമിക മൂല്യങ്ങൾ ഏകീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർദേശം. രാജ്യത്തിൻ്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം ആധികാരികമായ ഇസ്‌ലാമിക മൂല്യങ്ങൾ സംരക്ഷിക്കുന്നതും ഇതിൻ്റെ ലക്ഷ്യമാണ്.

Tags:    
News Summary - Saudi Ministry of Religious Affairs urges Friday sermons to warn against excessive rent and profiteering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.