ജിദ്ദ: സാങ്കേതിക തകരാറിനെ തുടർന്ന് 19,281 ടൊയോട്ട, ലെക്സസ് വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. 2022 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ പുറത്തിറങ്ങിയ ടൊയോട്ട എൽ.സി 300, ലെക്സസ് എൽ.എക്സ് 600, എൽ.എക്സ് 500 ഡി എന്നീ മോഡലുകളിൽപെട്ട വാഹനങ്ങളാണ് മന്ത്രാലയം തിരിച്ചുവിളിച്ചത്. ഈ വാഹനങ്ങളുടെ ക്രാങ്ക് ഷാഫ്റ്റ് അലോയ്യിൽ കണ്ടെത്തിയ സാങ്കേതിക തകരാർ പരിഹരിക്കാനാണ് ഈ നടപടി.
എൻജിനിൽ അസ്വാഭാവികമായ ശബ്ദമുണ്ടാകാനും വാഹനം സ്റ്റാർട്ട് ചെയ്യാൻ പ്രയാസമുണ്ടാകാനും യാത്രയ്ക്കിടയിൽ എൻജിൻ പെട്ടെന്ന് നിലച്ചുപോകാനുമുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രാലയം ഈ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി വാഹന ഉടമകൾ മന്ത്രാലയത്തിന്റെ www.recalls.sa എന്ന വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പർ അതിലുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
തകരാറിലായ വാഹനങ്ങളുടെ ഉടമകളെ പ്രാദേശിക ഏജൻറായ അബ്ദുല്ലത്തീഫ് ജമീൽ കമ്പനി നേരിട്ട് ബന്ധപ്പെടുകയും അറ്റകുറ്റപ്പണികൾ ലഭ്യമാകുന്നതുവരെ പാലിക്കേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ടൊയോട്ട ഉടമകൾക്ക് 8004400055 എന്ന നമ്പറിലും, ലെക്സസ് ഉടമകൾക്ക് 8001220022 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.