മുംബൈയിൽ നടന്ന യോഗത്തിൽ സൗദി വ്യവസായ, ധാതുവിഭവശേഷി മന്ത്രി ബന്ദർ അൽ ഖുറൈഫ് സംസാരിച്ചു
റിയാദ്: വ്യവസായിക, ഖനനമേഖലകളിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ചക്രവാളങ്ങൾ ‘വിഷൻ 2030’ തുറക്കുന്നെന്ന് വ്യവസായ, ധാതുവിഭവശേഷി മന്ത്രി ബന്ദർ അൽ ഖുറൈഫ് പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെയും ഇന്ത്യയിലെ പ്രമുഖ വ്യവസായിക, ഖനനകമ്പനികളുടെ പങ്കാളിത്തത്തോടെയും മുംബൈയിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഉഭയകക്ഷി സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിന് സൗദി-ഇന്ത്യൻ ബിസിനസ് കൗൺസിൽ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിജയകരവും ഫലപ്രദവുമായ നിക്ഷേപ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വ്യാപാരം, നിക്ഷേപം, സഹകരണ അവസരങ്ങൾ എന്നിവ നൽകുന്നതിനും ഇത് സഹായിക്കുന്നു. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും നിക്ഷേപകർക്ക് ഉയർന്ന സുതാര്യതയോടെ വ്യക്തമായ നിക്ഷേപാവസരങ്ങൾ പ്രദാനം ചെയ്യാനുമാണ് ‘സൗദി വിഷൻ 2030’ ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സൗദിയിൽ നാം എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു. വ്യവസായവും ഖനനവും സൗദിയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. അതിനാൽ നിരവധി മേഖലകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഖനന, വ്യവസായിക മേഖലകളിലെ ഞങ്ങളുടെ അഭിലാഷങ്ങൾ അവലോകനം ചെയ്യുകയും ഇന്ത്യയിൽ നിലനിൽക്കുന്ന കഴിവുകൾ കാണുകയും ചെയ്യുന്നു. നമ്മൾ നടപ്പാക്കാനാഗ്രഹിക്കുന്ന മിക്ക പ്രവർത്തനങ്ങൾക്കും ഇന്ത്യക്ക് വലിയ ശേഷിയുണ്ട്. ഓട്ടോമോട്ടീവ് മേഖലയിൽ വ്യവസായം പ്രാദേശികവത്കരിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
കാരണം സൗദി ഏറ്റവും വലിയ ഇറക്കുമതിക്കാരാണ്. കഴിഞ്ഞവർഷം ഞങ്ങൾ ഏകദേശം ഏഴു ലക്ഷം കാറുകൾ ഇറക്കുമതി ചെയ്തു. ഈ എണ്ണം ഉടൻ 10 ലക്ഷത്തിലധികം കാറുകളിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പ്രാദേശികമായി ഉൽപാദനം ആരംഭിക്കാൻ മൂന്ന് കാർ നിർമാണകമ്പനികൾക്ക് സൗദി ലൈസൻസ് നൽകിയിട്ടുണ്ട്. 2030ഓടെ ഇത് പ്രതിവർഷം മൂന്ന് ലക്ഷം കാറുകൾ നിർമിക്കും. ഡിമാൻഡ് നിരക്ക് കൂടുതലാണെന്നും നിരവധി വിതരണക്കാരെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഫാർമസ്യൂട്ടിക്കൽസ്, ബയോ ടെക്നോളജി മേഖലയിൽ ഇന്ത്യയുടെ ഉയർന്ന കഴിവുകൾക്ക് ഞങ്ങൾ ഊന്നൽ നൽകുന്നു.
ഈ സുപ്രധാന മേഖലയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കമ്പനികളുമായി സംയുക്ത സഹകരണം വർധിപ്പിക്കാനുള്ള സൗദിയുടെ ആഗ്രഹം മന്ത്രി പ്രകടിപ്പിച്ചു. ആഗോളതലത്തിൽ പെട്രോകെമിക്കലുകളും ഡൗൺസ്ട്രീം കെമിക്കലുകളും ഉൽപാദിപ്പിക്കുന്ന ഏറ്റവും പ്രമുഖ രാജ്യങ്ങളിലൊന്നാണ് സൗദി എന്നും ഈ സുപ്രധാന മേഖലയുടെ വളർച്ചയെ പിന്തുണക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
ഉയർന്ന മൂല്യമുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് അനുബന്ധ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുക എന്നതാണ് സൗദി ലക്ഷ്യമിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഇത് വിശാലമായ മേഖലകൾ തുറക്കും. ഈ വ്യവസായത്തിൽ ഇന്ത്യക്ക് നൂതന നിർമാണസാങ്കേതികവിദ്യകളും ശക്തമായ സാങ്കേതിക അടിത്തറയുമുണ്ടെന്ന് അൽ ഖുറൈഫ് വിശദീകരിച്ചു.
സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഒരു വ്യവസായിക അടിത്തറ കെട്ടിപ്പടുക്കാൻ സൗദി ലക്ഷ്യമിടുന്നു. ‘ഫാക്ടറീസ് ഓഫ് ദ ഫ്യൂച്ചർ’ എന്ന പരിപാടി ആരംഭിച്ചു.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രീഡി പ്രിന്റിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താൻ വ്യവസായ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.