മക്ക: മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമെത്തുന്ന വിശ്വാസികൾക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഇരു ഹറം കാര്യങ്ങളുടെ ജനറൽ അതോറിറ്റി പുതിയ ‘പ്രാർത്ഥനാ ഗൈഡ്’ പുറത്തിറക്കി. സന്ദർശകരുടെ ആത്മീയ യാത്രയെ കൂടുതൽ സമ്പന്നമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ സമഗ്ര ഡിജിറ്റൽ സംവിധാനം, ആരാധനാകർമങ്ങളുമായി ബന്ധപ്പെട്ട വിപുലമായ വിവരങ്ങളാണ് ലഭ്യമാക്കുന്നത്.
ഇരു ഹറം പള്ളികളിലെയും പ്രാർത്ഥനാ മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡുകൾ വഴി വിശ്വാസികൾക്ക് ഈ സംവേദനാത്മക വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാവുന്നതാണ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യൻ, മലായ്, ടർക്കിഷ്, ഉറുദു എന്നീ ഏഴ് ഭാഷകളിൽ ലഭ്യമായ ഈ സേവനം musaliyaat.alharamain.gov.sa എന്ന ലിങ്ക് വഴിയും ഉപയോഗിക്കാം.
ഖുർആൻ, പ്രവാചക വചനങ്ങൾ, പ്രാർത്ഥനകൾ, വിവിധ ഇസ്‌ലാമിക വിഷയങ്ങളിലുള്ള പഠനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഡിജിറ്റൽ വിഭവങ്ങൾ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആരാധനാ കർമങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിന് സഹായിക്കുന്ന ലളിതമായ മാർഗനിർദേശ വീഡിയോകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹറം പള്ളികളിലെത്തുന്ന സന്ദർശകർക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച സേവനം ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിശ്വാസികളുടെ പ്രാർത്ഥനാനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് അതോറിറ്റി ഇതിനകം തന്നെ നടപ്പാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.