യാംബു ടൗൺ ഹെറിറ്റേജ് നഗരിയിൽ സൗദി സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടിയിൽ നിന്നും

സൗദി സ്ഥാപക ദിനാഘോഷം: യാംബുവിൽ പൈതൃക പ്രദർശനം ശ്രദ്ധേയമായി

യാംബു: മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഊദ്​ ആദ്യത്തെ സൗദി രാഷ്​ട്രം സ്ഥാപിച്ചതി​ന്‍റെ സ്മരണ പുതുക്കി രാജ്യമൊട്ടാകെ നടക്കുന്ന സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി യാംബുവിൽ പൈതൃക ശേഷിപ്പുകളുടെ പ്രദർശനം ശ്രദ്ധേയമായി. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്രപരമായ നാൾവഴികളും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ യാംബു ടൗൺ ഹെറിറ്റേജ് പാർക്കിലാണ് വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയത്.

പൈതൃക ശേഷിപ്പുകൾ, ഫോട്ടോകൾ, ചരിത്രപരമായ മോഡലുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രദർശനം സന്ദർശകരുടെ വലിയ പ്രശംസ പിടിച്ചുപറ്റി. യാംബു മുനിസിപ്പാലിറ്റി അതോറിറ്റിയുടെ നേതൃത്വത്തിൽ സൗദി യുവതികൾ സജ്ജീകരിച്ച പ്രത്യേക പവലിയനുകൾ രാജ്യത്തിന്‍റെ വളർച്ചയുടെ ചരിത്രം മനോഹരമായി വരച്ചുകാട്ടി. പഴമയുടെ പെരുമ വിളിച്ചോതുന്ന സ്​റ്റാളുകളും കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ്​ മത്സരവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

 

പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും പുരാതന വസ്തുക്കൾ കൈയിലേന്തിയും സൗദി ദേശീയ പതാകയും സ്ഥാപക ദിന പതാകയുമേന്തിയുമാണ് സ്വദേശികൾ ആഘോഷത്തിൽ പങ്കുചേർന്നത്. അറേബ്യൻ സംസ്‌കാരത്തി​െൻറയും നാഗരികതയുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ കാഴ്ചകളാണ് ചെങ്കടൽ തീരത്തെ യാംബു ഹെറിറ്റേജ് നഗരിയിൽ ഒരുക്കിയിരുന്നത്.

അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ അവശിഷ്​ടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും പഴയകാലത്തെ രാത്രി ചന്തകളെ അനുസ്മരിപ്പിക്കുന്ന ‘സൂഖുലൈൽ’ പവലിയനുകളും സന്ദർശകർക്ക് കൗതുകകരമായ അനുഭവമായി. ഹെറിറ്റേജ് നഗരിയിലെ സാംസ്‌കാരിക പരിപാടികൾക്ക് പുറമെ, റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് പാർക്കിൽ നടന്ന വർണാഭമായ വെടിക്കെട്ട് ആകാശത്ത് വിസ്മയമൊരുക്കി സന്ദർശകരുടെ മനം കവർന്നു. രാജ്യത്തി​െൻറ ഗതകാല സ്മരണകളും വർത്തമാനകാലത്തെ മഹിമയും ഒത്തുചേർന്ന ആഘോഷം യാംബുവിലെ ജനങ്ങൾക്ക് നവ്യാനുഭവമായി മാറി.

Tags:    
News Summary - Saudi Foundation Day Celebration: Heritage Exhibition in Yambu Highlights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.