ഇന്ത്യൻ രാസവള കമ്പനികളുമായി സൗദി മൈനിങ് കമ്പനി
ഒപ്പുവെച്ച ധാരണപത്രം കൈമാറുന്നു
ജിദ്ദ: സൗദി അറേബ്യൻ മൈനിങ് കമ്പനി (മആദൻ) രാസവളം മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനികളുമായി നാല് ധാരണപത്രങ്ങൾ ഒപ്പുവെച്ചു. സൗദിയിലെത്തിയ ഇന്ത്യൻ രാസവസ്തു, വളം മന്ത്രി ഡോ. മൻസുഖ് മാണ്ഡവിയ, സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽഖുറൈഫ്, മആദൻ സി.ഇ.ഒ പ്രഫസർ റോബർട്ട് വെൽറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണപത്രം ഒപ്പുവെച്ചത്. 2023 മുതൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോസ്ഫേറ്റ്, അമോണിയ ഉൽപന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയാക്കാനാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. വളം വ്യവസായത്തിലെ ഉൽപന്നം, സാങ്കേതിക വിദ്യ വികസന മേഖലയിൽ പരസ്പര സഹകരണത്തിനും ഗവേഷണത്തിനും കൂടിയാണ് കരാറുകൾ.
ഇന്ത്യൻ പൊട്ടാഷ് കമ്പനി ലിമിറ്റഡുമായി ഫോസ്ഫേറ്റ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനും ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് കമ്പനി ലിമിറ്റഡുമായി അമോണിയ വിതരണം ചെയ്യുന്നതിനുമുള്ള ധാരണപത്രങ്ങളും ഇതിലുൾപ്പെടും. ഫോസ്ഫേറ്റ്, അമോണിയ ഉൽപന്നങ്ങൾ വിതരണം ചെയ്യാനുള്ള മൂന്നാമത്തെയും നാലാമത്തെയും കരാർ കൃഷക് ഭാരതി കോഓപറേറ്റിവ് കമ്പനി ലിമിറ്റഡ്, കോറോമാന്റൽ ഇന്റർനാഷനൽ ലിമിറ്റഡ് കമ്പനി എന്നിവയുമായാണ് ഒപ്പുവെച്ചത്. വിവിധ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രത്യേക ഉൽപന്നങ്ങളുടെ സാങ്കേതിക വികസനം, കാർഷിക എൻജിനീയറിങ്, ലോജിസ്റ്റിക്കൽ പരിഹാരങ്ങൾ എന്നിവ കരാറുകളിലുൾപ്പെടും.
ഫോസ്ഫേറ്റിന്റെയും അമോണിയയുടെയും ഏറ്റവും വലിയ ഇറക്കുമതി വിപണിയാണ് ഇന്ത്യയെന്നും ആവശ്യകത ക്രമാനുഗതമായി വർധിക്കുകയാണെന്നും മആദൻ കമ്പനി സി.ഇ.ഒ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യം മആദനും ഇന്ത്യൻ വിപണിയും തമ്മിലുള്ള അടുത്ത പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. 2011ൽ ഇന്ത്യയിലേക്കുള്ള രാസവളങ്ങളുടെ ആദ്യ കയറ്റുമതി മുതൽ ദീർഘകാലമായി നിലനിൽക്കുന്ന സഹകരണ ബന്ധത്തെ സി.ഇ.ഒ പ്രശംസിച്ചു.
പ്രതിവർഷം 17 ലക്ഷം ടൺ ഫോസ്ഫേറ്റും അമോണിയ ഉൽപന്നങ്ങളും ഇന്ത്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുമായി കൂടുതൽ അടുക്കാനുള്ള താൽപര്യവും ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2020 മേയിൽ മആദൻ അതിന്റെ ആദ്യത്തെ ഓഫിസ് ഇന്ത്യയിൽ തുറന്നിട്ടുണ്ട്. ഇന്ത്യൻ കമ്പനികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള പ്രതിബദ്ധത സി.ഇ.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.