ജിദ്ദ: കോവിഡ് മഹാമാരിയെത്തുടർന്ന് സൗദി എയർലൈൻസ് നിർത്തിവെച്ച അന്താരാഷ്‌ട്ര സർവിസുകൾ ഒക്ടോബർ ഒന്ന് മുതൽ പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഒക്ടോബറിൽ വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കും സർവിസുകൾ. ശേഷം ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലെ കൂടുതൽ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തും.

ദുബൈ, കെയ്‌റോ, അമ്മാൻ, ഇസ്തംബൂൾ, പാരീസ്, ധാക്ക, കറാച്ചി, ലണ്ടൻ, മനില എന്നിവയ്​ക്കൊപ്പം കോഴിക്കോട്ടേക്കും ഒക്ടോബർ മാസം സർവിസുകൾ ആരംഭിച്ചേക്കും എന്നാണ്​ സൂചന. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാത്രമാവും സർവിസുകൾ. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണെങ്കിൽ സർവിസ് കൊച്ചിയിലേക്ക് മാറ്റിയേക്കാം. തുടക്കത്തിൽ സൗദിയിലെ ജിദ്ദയിൽ നിന്ന് മാത്രമാണ് കോഴിക്കോട്ടേക്ക് സർവിസുകൾ. ആഴ്ചയിൽ വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് സർവിസുകൾ വീതമായിരിക്കും കോഴിക്കോട്ടേക്ക് ഉണ്ടാവുക. ജിദ്ദയിൽ നിന്നും പുലർച്ചെ 2.10ന് പുറപ്പെടുന്ന വിമാനം രാവിലെ 10.30ന് കോഴിക്കോട്ടെത്തും. തിരിച്ച് ഉച്ചക്ക് 12ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 3.05ന് ജിദ്ദയിലെത്തും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടായേക്കുമെന്ന വിവരവുമുണ്ട്​. അതിന് ശേഷമായിരിക്കും സൗദിയയുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച്‌ 15നാണ് സൗദിയിൽ നിന്നുള്ള അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയിരുന്നത്. രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതൽ ഭാഗികമായി നീക്കിയ പശ്ചാതലത്തിൽ അന്താരാഷ്​ട്ര സർവിസ് ആരംഭിക്കാൻ വിമാന കമ്പനികൾക്ക് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അനുമതി നൽകിയിരുന്നു. സൗദി എയർലൈൻസിന് പിന്നാലെ മറ്റു വിമാനക്കമ്പനികളും സൗദിയിൽ നിന്നും അന്താരാഷ്​ട്ര സർവിസുകൾ ഉടനെ പുനരാരംഭിച്ചേക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.