യാംബു: കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്ന സൗദിയിലെ പുതിയ തൊഴിൽ പരിഷ്കാര നിയമങ്ങൾ രാജ്യത്തെ പ്രവാസികൾക്ക് ഗുണകരവും സന്തോഷം പകരുന്നതുമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.ബി.സി പോലുള്ള അന്താരാഷ്ട്ര വാർത്ത ഏജൻസികളും ഏറെ പ്രാധാന്യപൂർവമാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധമായ വാർത്ത കൊടുത്തത്. ഏഴു പതിറ്റാണ്ടായി രാജ്യത്ത് പിന്തുടരുന്ന തൊഴിൽ വ്യവസ്ഥകളിൽ മാറ്റമുണ്ടാക്കിയ പുതിയ തീരുമാനം തൊഴിൽ മേഖലയിൽ വമ്പിച്ച വിപ്ലവം ഉണ്ടാക്കുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള അഭിലാഷ പദ്ധതിയുടെ പൂർത്തീകരണത്തിന് പുതിയ തീരുമാനം ഫലം ചെയ്യുമെന്നും ബി.ബി.സി കൂട്ടിച്ചേർത്തു.
തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ മറ്റൊരു തൊഴിലിലേക്ക് മാറാൻ കഴിയുന്ന തീരുമാനം വിദേശികൾ ഏറെ സ്വാഗതം ചെയ്തതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നീ സേവനങ്ങൾ ആവശ്യമായ ഘട്ടത്തിൽ 'അബ്ശിർ' പ്ലാറ്റ് ഫോം വഴിയും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ 'ക്വിവ' പ്ലാറ്റ് ഫോം വഴിയും ഉപയോഗപ്പെടുത്താൻ തൊഴിലാളികൾക്ക് കഴിയുന്ന പരിഷ്കരണങ്ങളാണ് വിദേശികൾക്ക് ഏറെ ഗുണകരമായത്. തൊഴിലാളികളുടെ അവകാശങ്ങൾ പരിരക്ഷിക്കാനും താൽപര്യമുള്ള പുതിയ തൊഴിൽ മേഖലകളിലേക്ക് കടന്നുചെല്ലാനും പുതിയ ചട്ടങ്ങളുടെ പരിഷ്കരണം വഴിവെക്കും. ഇന്ത്യൻ തൊഴിലാളികളിൽ ചിലരുടെ പ്രതികരണങ്ങൾ കൂടി ചേർത്താണ് പ്രമുഖ സൗദി പത്രമായ അറബ് ന്യൂസ് വാർത്ത കൊടുത്തത്. ജോലി ചെയ്യുന്ന രാജ്യത്ത് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതിലുള്ള സന്തോഷവും പുതിയ തൊഴിൽ മേഖലയിലേക്ക് കടന്നുചെല്ലാനും കഴിയുന്ന പുതിയ പരിഷ്കരണങ്ങൾ ഏറെ സന്തോഷം നൽകുന്നതായി ഇന്ത്യൻ തൊഴിലാളികളുടെ അഭിപ്രായങ്ങളും പത്രം ഉദ്ധരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.