വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. തിരൂര്‍ കന്മനം സ്വദേശി മുഹമ്മദ് റാഷിദി (29)ന്‍െറ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് തുകയായി 2,27,400 റിയാല്‍ (ഏകദേശം 40 ലക്ഷം രൂപ) ലഭിച്ചത്. 
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി), അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയില്‍ നിന്നാണ് ഇത്രയും തുക നിരാലംബമായ കുടുംബത്തിന് ആശ്വാസമായി ലഭിച്ചത്. 
2015 ജൂലൈ 14ന് റിയാദില്‍ നിന്ന് 100  കിലോമീറ്ററകലെ പഴയ മക്ക (ദിറാബ്) റോഡില്‍ മുസാഹ്മിയക്കും ദുറുമക്കും ഇടയില്‍ ഡൈനയും (മിനി ട്രക്ക്) കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. ഗള്‍ഫ് യൂനിയന്‍ ഫുഡ്സ് ലിമിറ്റഡ് (‘ഒറിജിനല്‍’ ജ്യൂസ്) കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ട്രക്ക് ഓടിച്ചിരുന്നത് റാഷിദായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് സിറിയന്‍ സ്വദേശികളും അപകടത്തില്‍ മരിച്ചിരുന്നു. കാറ് ട്രക്കില്‍ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ കാറിന് ആദ്യം തീപിടിക്കുകയും പിന്നീട് ട്രക്കും കത്തുകയായിരുന്നു. ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്. 
രണ്ടര വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്ന റാഷിദ് നാട്ടില്‍ പോയി വിവാഹം കഴിച്ച് തിരിച്ചത്തെി അധികം വൈകാതെയായിരുന്നു അപകടം. ഭാര്യ ആയിശയെ റിയാദിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടികളായിരുന്നില്ല. മുഹമ്മദ് - സഫിയ ദമ്പതികളാണ് മാതാപിതാക്കള്‍. യുവാവിന്‍െറ മരണത്തോടെ ആലംബഹീനരായ കുടുംബത്തിന്‍െറ അവസ്ഥ മനസിലാക്കി റിയാദിലെ കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി പ്രവര്‍ത്തകരാണ് നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. യുവാവ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേരത്തെ തന്നെ കുടുംബത്തിന് ലഭിച്ചിരുന്നു. 
ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ റിലീഫ് വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തിക്കൊണ്ട് കുടുംബം അധികാര പത്രം അയച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട നടപടി ക്രമങ്ങളിലൂടെയാണ് രണ്ട് സ്ഥാപനങ്ങളില്‍ നിന്നും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാനായത്. 
പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെയും സഹകരണമുണ്ടായി. ഇന്‍ഷുറന്‍സ് തുക രണ്ട് സ്ഥാപനങ്ങളില്‍ നിന്നും അനന്തരാവകാശികളുടെ പേരില്‍ ഡ്രാഫ്റ്റുകളായാണ് ലഭിച്ചതെന്നും കുടുംബത്തിന് ഉടന്‍ എത്തിച്ചുകൊടുക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 
ഇതുപോലുള്ള അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം പല സംഭവങ്ങളിലും ലഭിക്കാതെ പോകുന്നത് തുടര്‍ നടപടികളെ കുറിച്ച് അറവില്ലാത്തത് കൊണ്ടാണെന്നും നിലവില്‍ സൗദിയില്‍ നിയമാനുസൃതം തൊഴിലെടുക്കുന്ന മുഴുവന്‍ വിദേശികളും ഗോസി പരിരക്ഷയുടെ പരിധിയില്‍ വരുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.  

Tags:    
News Summary - saudi insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.