ജിദ്ദ: സൗദി അറേബ്യയിലെ ജനങ്ങളുടെ ജീവിതം നിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. 34.6 ശതകോടി ഡോളർ (130 ശതകോടി റിയാൽ) ചെലവിലുള്ള ‘ജീവിത നിലവാര പദ്ധതി 2020’ ന് സാമ്പത്തിക, വികസനകാര്യ കൗൺസിൽ അംഗീകാരം നൽകി. വിഷൻ 2030 െൻറ പ്രധാന ലക്ഷ്യങ്ങളിൽ പെട്ട പദ്ധതിക്ക് മന്ത്രിസഭ നേരത്തെ അനുമതി നൽകിയിരുന്നു. വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതശൈലിയും നിലവാരവും മെച്ചപ്പെടുത്തുകയും രാജ്യത്തെ വാസ അന്തരീക്ഷം മികവുറ്റതാക്കുകയും ചെയ്യണമെന്ന സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും കാഴ്ചപ്പാടിന് അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിനൊപ്പം സാംസ്കാരിക, വിനോദ, കായിക പ്രവർത്തനങ്ങളിൽ പൊതുജന സഹകരണവും സാന്നിധ്യവും ഉറപ്പുവരുത്തും. ജീവിത നിലവാര തോത് ഉയർത്തുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, സാമ്പത്തിക വ്യവഹാര മേഖല വിസ്തൃതമാക്കുക എന്നിവയും പദ്ധതിയുടെ വിശാല ലക്ഷ്യങ്ങളിൽ പെടുന്നു. ഒപ്പം സൗദി നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് പരിവർത്തനപ്പെടുത്തുകയെന്നതും വിപ്ലവകരമായ ഇൗ പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിക്കായി 2020 വരെ ചെലവഴിക്കാൻ മാറ്റിവെച്ചിരിക്കുന്ന 130 ശതകോടി റിയാലിൽ 74.5 ശതകോടിയും പദ്ധതിയിലേക്കുള്ള നേരിട്ടുള്ള നിക്ഷേപമായിരിക്കും. 13.3 ശതകോടി റിയാൽ സർക്കാരിെൻറ മൂലധന ചെലവ്. സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന് 23.7 ശതകോടി. ഇൗ കാലയളവിനുള്ളിൽ 220 വ്യത്യസ്ത സംരംഭങ്ങൾക്കാകും തുടക്കം കുറിക്കുക.
നിലവിൽ പ്രഖ്യാപിച്ചതും പ്രവർത്തനം തുടങ്ങിയതുമായ റിയാദിലെ അൽഖിദ്ദിയ്യ, ചെങ്കടൽ പദ്ധതി, ദറഇയ്യ ഗേറ്റ്, ഹിസ്റ്റോറിക്കൽ ജിദ്ദ, അൽഉല റോയൽ കമീഷൻ തുടങ്ങിയ പദ്ധതികൾക്ക് പുറമേയുള്ളതാകും പുതിയ സംരംഭങ്ങൾ. 2020 ഒാടെ മൊത്തം 3,46,000 തൊഴിൽ അവസരങ്ങളും എണ്ണഇതര വരുമാനത്തിൽ 1.9 ശതകോടി റിയാലിെൻറ അധികവരുമാനവും സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. 12 വർഷത്തിനുള്ളിൽ ലോകത്തെ 100 മികച്ച നഗരങ്ങളുടെ പട്ടികയിൽ കുറഞ്ഞത് മൂന്ന് സൗദി നഗരങ്ങളെങ്കിലും ഉണ്ടാകണമെന്ന വിശാല ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സുസ്ഥിര വികസന പദ്ധതി മാതൃകകളിൽ സാമ്പത്തിക, നിക്ഷേപ അവസരങ്ങളും സൃഷ്ടിക്കും. സ്വകാര്യമേഖല നിക്ഷേപങ്ങൾക്കായി ചില ഫണ്ടിങ് മാതൃകകൾ വികസിപ്പിക്കും. ജീവിത നിലവാരം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ വിദേശനിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.