റിയാദ്: സൗദി അറേബ്യയിലേക്ക് സന്ദര്‍ശക വിസ ഫീസിൽ വൻഇളവ് പ്രാബല്യത്തിലായി. കഴിഞ്ഞ വർഷം വർധിപ്പിച്ച ഫീസാണ് കുത്തനെ കുറച്ചത്. നിലവിലുണ്ടായിരുന്ന 2000 റിയാലിന് പകരം 305 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ബുധനാഴ്ച മുതൽ ഇൗടാക്കിയതെന്ന് ട്രാവൽ ഏജൻസികൾ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ സൗദി അധികൃതർ ഇതു സംബന്ധിച്ച വിവിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുതിയ ഫീസ് പ്രകാരം സിംഗിൾ വിസിറ്റ് വിസക്ക് 7500 രൂപയും ആറ് മാസത്തേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് 17900 രൂപയും രണ്ട് വർഷത്തേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് 25,500 രൂപയും മതി. നേരത്തെ മൂന്ന് മാസത്തേക്ക് സിംഗിൾ വിസിറ്റ് വിസക്ക് 40,000 രൂപയോളം ഫീസിനത്തിൽ മാത്രം ചെലവ് വരുമായിരുന്നു.
2016 ഒക്ടോബറിലാണ് സൗദിയിലേക്ക് സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നുമാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു ഫീസ്. ട്രാവല്‍ ഏജൻറുമാര്‍ക്ക് ലഭിച്ച അറിയിപ്പ് അനുസരിച്ച് ഇനി മുതല്‍ 300-350 റിയാലാകും ഇതിനുള്ള ഫീസ്. കേരളത്തില്‍ സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചതായി ട്രാവല്‍ ഏജൻറുമാർ അറിയിച്ചു. ആറ് മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജൻറുമാര്‍ വിശദീകരിക്കുന്നു. വിസ നിരക്ക് കുടിയതോടെ 2016 നെ അപേക്ഷിച്ച് 20 ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ് നടന്നിരുന്നത്.
വിസിറ്റിങ് വിസക്ക് ചെലവ് കുത്തനെ കുറഞ്ഞതോടെ സൗദിയിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശക വിസയിൽ വരുന്നവർക്ക് ആശ്രിതലെവി വേണ്ട എന്നതിനാൽ പ്രവാസികൾ കുടുംബത്തെ സന്ദർശക വിസയിൽ കൊണ്ടുവരാൻ സാധ്യത ഏറെയാണ്. ഇത് വ്യാപാര മേഖലയിലും വലിയ ഉണർവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കനത്ത ആശ്രിതലെവി അടക്കേണ്ടതിനാൽ സൗദിയിൽ കുടുംബത്തോടെ താമസിച്ച പ്രവാസികൾ കൂട്ടത്തോടെ നാടണയാൻ തുടങ്ങിയിരുന്നു. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലും വ്യാപാര മേഖലയിലും വലിയ മാന്ദ്യം സൃഷ്ടിച്ചിരുന്നു. ഇതിൽ വലിയ മാറ്റമാണ് പുതിയ ഫീസ് നിരക്ക് കൊണ്ടുവരിക എന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.