റിയാദ്: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി പിടിയിലായ 381 പ്രമുഖരിൽ 56 പേർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുന്നുവെന്ന് അറ്റോർണി ജനറൽ. അന്വേഷണം അവസാനഘട്ടത്തിലാണ്. നിരപരാധികളെന്ന് കണ്ടെത്തിയ എല്ലാവരെയും മോചിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. കുറ്റം സമ്മതിച്ച് സർക്കാരുമായി ഒത്തുതീർപ്പിന് സന്നദ്ധരായവരെയും മോചിപ്പിക്കും. വിവിധ വ്യക്തികളുമായുള്ള ഒത്തുതീർപ്പിെൻറ ആകെ മൂല്യം 107 ശതകോടി ഡോളറാണെന്നും അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുജീബ് വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ്, കമ്പനികൾ, ഒാഹരികൾ, പണം തുടങ്ങിയ ആസ്തികളും ഒത്തുതീർപ്പിെൻറ ഭാഗമാണ്. അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി കഴിഞ്ഞവർഷം നവംബർ നാലിനാണ് രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉൾപ്പെടെ പ്രമുഖരെ റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തടവിലാക്കിയത്. മൂന്നുമാസത്തോളമായി തുടരുന്ന അന്വേഷണത്തിനിടെ ഒത്തുതീർപ്പിന് സന്നദ്ധരായവരെയും നിരപരാധികളെന്ന് തെളിഞ്ഞവരെയും ഘട്ടംഘട്ടമായി മോചിപ്പിച്ചിരുന്നു. സൗദി ശതകോടീശ്വരനും കിങ്ഡം ഹോൾഡിങ്സ് ഉടമയുമായ അമീർ വലീദ് ബിൻ തലാലും കഴിഞ്ഞദിവസം മോചിതനായി.
അതിനിടെ, തടവിലുള്ള എല്ലാവരും മോചിതരായെന്ന നിലയിൽ ചൊവ്വാഴ്ച രാവിലെയോടെ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ, റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ ഇനിയാരും ശേഷിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതെന്ന് പിന്നീട് വ്യക്തമായി. തടവിൽ ബാക്കിയുള്ളവർ ജയിലുകളിലും മറ്റുകേന്ദ്രങ്ങളിലുമാണുള്ളത്. മൂന്നുമാസമായി തടവുകേന്ദ്രമായി തുടരുന്ന റിയാദിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ റിറ്റ്സ് കാൾട്ടൺ ഫെബ്രുവരി 14 ഒാടെ തുറന്നുപ്രവർത്തിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. മൊത്തം 492 മുറികൾ ഉള്ള ഹോട്ടൽ, നഗരമധ്യത്തിൽ 52 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 650 ഡോളറാണ് ഒരുമുറിയുടെ ഏറ്റവും കുറഞ്ഞ ദിവസവാടക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.