റിയാദ്: 18 വയസ്സിനു മുമ്പുള്ള വിവാഹം തടഞ്ഞ് സൗദി നീതി മന്ത്രാലയം ഉത്തരവ്. 18 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹം സാധുവാക്കരുതെന്ന് നിർദേശിച്ച് നീതിമന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് ഡോ. വലീദ് അൽസമാനി രാജ്യത്തെ മുഴുവൻ കോടതികൾക്കും വിജ്ഞാപനം അയച്ചു.
വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 ആയി നിജപ്പെടുത്തിയെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആണിനും പെണ്ണിനും ബാധകമാണ് നിയമം. ശിശുസംരക്ഷണ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി വേണം വിവാഹാനുമതി നൽകാൻ. അനുമതി തേടിയെത്തുന്ന എല്ലാ അപേക്ഷകളും ശിശുസംരക്ഷണ നിയമം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് കൈമാറണം. പ്രായപൂർത്തിയായെന്ന് കോടതികൾ ഉറപ്പുവരുത്തണം.
എട്ടു വർഷമായി പ്രത്യേക സമിതി രൂപവത്കരിച്ച് നിയമനിർമാണപ്രവർത്തനങ്ങളിലായിരുന്നു. നീതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതോടെ നിയമം പ്രാബല്യത്തിലായി. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ വിജ്ഞാപനം കോടതികളോട് ആവശ്യപ്പെട്ടു. സൗദിയിൽ വിവാഹം സാധുവാകുന്നത് കോടതി നടപടികളിലൂടെയാണ്. ഫലത്തിൽ രാജ്യത്ത് ബാലവിവാഹം നിയമംമൂലം നിരോധിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.