വോട്ട്​ ചെയ്യാൻ അടിയന്തരമായി റിയാദിൽനിന്ന് ബുധനാഴ്​ച വൈകീ​ട്ടോടെ​ നാട്ടിലെത്തിയ ഷറഫുദ്ദീൻ വളപ്പൻ, സലീം കളക്കര, ഭാര്യ ആരിഫ സലീം

ടിക്കറ്റ് ചെലവ് വകവെക്കാതെ വോട്ട് രേഖപ്പെടുത്താൻ പ്രവാസികൾ നാട്ടിലേക്ക്

റിയാദ്: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പ്രവാസി മലയാളികൾ കുടുംബസമേതം നാട്ടിലേക്ക്. കോഴിക്കോട്, കണ്ണൂർ, കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് 50,000 രൂപക്ക് മുകളിലാണ് ഈ സീസണിൽ ചെലവ് വരുന്നത്. എന്നാൽ ഇതൊന്നും വക വെക്കാതെയാണ് പ്രവാസികൾ കൂട്ടത്തോടെ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യം ശക്തിപ്പെടുത്താൻ വിമാനം കയറിയത്. പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന പ്രവാസികളിൽ പലരും സ്ഥാനാർഥി നിർണയത്തിലും തുടർന്ന് പ്രചാരണ പ്രവർത്തനങ്ങളിലും ഇവിടെനിന്ന് തന്നെ സജീവമാണ്.

രണ്ടാംഘട്ട വോട്ടുദിനം അടുത്തതോടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിട്ട് വിളിച്ച് വോട്ട് അഭ്യർഥനയും ആരംഭിച്ചു. ചിലരെല്ലാം വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ അവധിക്ക് അപേക്ഷിച്ച് നാട്ടിൽ പ്രചാരണത്തിലുണ്ട്. രാഷ്ട്രീയ പ്രവർത്തനം രക്തത്തിൽ അലിഞ്ഞുചേർന്നവർക്ക് തെരഞ്ഞെടുപ്പ് കാലത്ത് സമാധാനത്തോടെ ഇവിടെ നിൽക്കുക സാധ്യമല്ലെന്ന് വോട്ട് രേഖപ്പെടുത്താൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ച ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര പ്രതികരിച്ചു.

നാലര പതിറ്റാണ്ട് മുമ്പ് നാട്ടിലെ പ്രതികൂല സാഹചര്യം കടൽ കടത്തിയെങ്കിലും ജന്മദേശത്തെ ദൈനംദിന രാഷ്ട്രീയ സമൂഹിക വിഷയങ്ങളിൽ ഇടപെടാത്ത ദിവസങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ തവണത്തെ പോലെ ഇത്തവണയും നാട്ടിലെത്തി വീടുകൾ കയറി വോട്ട് ചോദിക്കുകയാണെന്നും കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറ് ഒ.കെ. മുഹമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നത് നാട്ടിലാണെങ്കിലും സൗദി ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ പ്രവാസി രാഷ്ട്രീയ സംഘടനകളും കൺവെൻഷനുകളും സ്ഥാപനങ്ങൾ കയറി വോട്ടഭ്യർഥിക്കലും ചടുലമാണ്. ഡിസംബർ 13ന് ഒന്നിച്ചിരുന്ന് ഫലമറിയാനും തുടർന്നുള്ള ആഘോഷപരിപാടികൾക്കും ഹാളുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.

Tags:    
News Summary - Expatriates return home to cast their votes despite ticket costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.