ക്രൂസ് കപ്പലുകളിൽ സൗദിയിലെത്തിയ
വിദേശ വിനോദസഞ്ചാരികൾ
ജിദ്ദ: സൗദി സ്ഥാപകദിനാഘോഷത്തിൽ ക്രൂസ് കപ്പലിൽ സൗദി തുറമുഖങ്ങളിലെത്തിയത് 8824 വിദേശ വിനോദസഞ്ചാരികൾ. പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നായ ‘സൗദി ക്രൂസ്’ കമ്പനിയാണ് ഇത്രയും വിനോദസഞ്ചാരികളെ സ്വീകരിച്ചത്.
വിവിധ വിനോദസഞ്ചാര കടൽകേന്ദ്രങ്ങൾ പര്യവേക്ഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രക്കിടയിലാണ് ഇവർ സൗദി തുറമുഖങ്ങളിലെത്തിയത്. ജിദ്ദ ഇസ്ലാമിക് തുറമുഖം, ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്.
‘എം.എസ്.സി സ്പ്ലെൻഡിഡ’ എന്ന ക്രൂസ് കപ്പലിൽ 3100 യാത്രക്കാരും ‘ദി വേൾഡ്’ ലക്ഷ്വറി കപ്പലിൽ 84 യാത്രക്കാരും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ഇറങ്ങി. ‘എം.എസ്.സി വേൾഡ് യൂറോപ്പ്’ എന്ന കപ്പലിൽ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് 5640 യാത്രക്കാർ എത്തി.
ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. വിവിധ വകുപ്പുകളുമായി സഹകരിച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിന് നിരവധി പരിപാടികളും പ്രവർത്തനങ്ങളും സൗദി ക്രൂസ് കമ്പനി ഒരുക്കിയിരുന്നു.
പൈതൃക പരിപാടികളും നാടോടിനൃത്തങ്ങളും ഇവർക്കായി അവതരിപ്പിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ചരിത്രപ്രധാന, പൈതൃക സ്ഥലങ്ങളും പരമ്പരാഗത ചന്തകളും ചുറ്റിക്കാണാനും ആസ്വദിക്കാനുമുള്ള അവസരവും ഒരുക്കി. ഈ സീസണിൽ നിരവധി അന്താരാഷ്ട്ര ക്രൂസ് കപ്പലുകളെ സ്വീകരിക്കാൻ സൗദി ക്രൂസ് കമ്പനി നേരത്തേ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.