യാംബു: കോവിഡ് മഹാമാരിക്കാലത്തെ മറ്റൊരു റമദാനെ കൂടി സ്വീകരിച്ച് സൗദി കുടുംബങ്ങൾ. വ്രതശുദ്ധിയുടെ പരിമളം പരത്തി വിരുന്നെത്തുന്ന റമദാനെ വരവേൽക്കാൻ വിശ്വാസിസമൂഹം മുമ്പേ തയാറെടുപ്പുകൾ നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആരാധനകർമങ്ങൾക്ക് പള്ളിവാതിലുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായാണെങ്കിലും രാജ്യത്ത് തുറന്നുകിട്ടിയ സന്തോഷത്തിലാണ് എല്ലാവരും. കഴിഞ്ഞ വർഷം റമദാൻ നാളുകളിൽ പള്ളികളിൽനിന്ന് ബാങ്കൊലികൾമാത്രം കേൾക്കേണ്ടിവന്ന വേദനിക്കുന്ന ഓർമകൾ എല്ലാവരും അയവിറക്കുന്നുണ്ട്. അതിൽനിന്ന് വ്യത്യസ്തമായ ഒരന്തരീക്ഷം ഇപ്പോഴുണ്ടായപ്പോൾ കൂടുതൽ ഊർജസ്വലതയോടെ സൗദി കുടുംബങ്ങൾ ധാരാളമായി പള്ളികളിൽ എത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് വിശ്വാസികൾ പള്ളികളിലെത്തുന്നത്. രാത്രിനമസ്കരമായ 'തറാവീഹി'ന് സമയം കുറച്ച സാഹചര്യത്തിൽ ധാരാളം കുട്ടികളും ഇപ്പോൾ പള്ളികളിൽ എത്തുന്നുണ്ട്.
ഈ വർഷം കുറേക്കൂടി തിളക്കമുള്ള റമദാൻ ആയതിലുള്ള സന്തോഷപ്രകടനമായി അറബ് വീടുകളിൽ പലയിടത്തും 'ഫാനൂസുകൾ' കൂടുതൽ തെളിഞ്ഞുകാണുന്നുണ്ട്. റമദാനെ സ്വാഗതം ചെയ്ത് അറബ് വീടുകളിലും സ്ഥാപനങ്ങളിലും അറേബ്യൻ പാരമ്പര്യത്തിെൻറ 'ഫാനൂസ്' തൂക്കുന്ന പതിവുണ്ട്. മുതിർന്നവർ റമദാൻ സമ്മാനമായി കുട്ടികൾക്ക് ഫാനൂസുകൾ നൽകുന്ന രീതി ഇന്നും ചില അറബി വീടുകളിലുണ്ട്. റമദാനിൽ പ്രത്യേകമായി നടക്കുന്ന സൗദിയിലെ പല പരിപാടികളിലും റമദാൻ സ്പെഷൽ കടകളിലും ബസ്തകളിലും ഫാനൂസ് അലങ്കാര വിളക്കുകൾ തൂക്കിയിടാറുണ്ട്. പഴയ റമദാൻ ദിനങ്ങളുടെയും ആഘോഷദിനങ്ങളുടെയും ഓർമകളെ നിലനിർത്താൻ അറബ് വംശജർ ഫാനൂസ് കൊണ്ടുനടക്കുന്ന പതിവും സാധാരണയായിരുന്നു.
കഴിഞ്ഞ വർഷത്തെ റമദാനിൽ ഇത്തരം കാഴ്ചകളിൽ പലതും അന്യമായിരുന്നു. ഈ വർഷം അതിന് അൽപം ആശ്വാസം കിട്ടിയ സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും സാഹോദര്യത്തിെൻറയും കനിവിെൻറയും പ്രതീകമായ സമൂഹ നോമ്പുതുറയും റമദാൻ സംഗമങ്ങളും ഈ വർഷവും നിയന്ത്രിച്ചതിൽ വിശ്വാസികൾക്ക് മനോവിഷമമുണ്ട്.
പൊതുജനങ്ങൾക്ക് സുരക്ഷിതമായി വ്രതാനുഷ്ഠാനം പൂർത്തിയാക്കാനും കോവിഡ് വൈറസ് വ്യാപനത്തെ പൂർണമായും ഇല്ലാതാക്കുന്നതിനുമായാണ് ഈ നിയന്ത്രണങ്ങൾ എന്നതിൽ ആശ്വാസവും വിശ്വാസികൾക്കുണ്ട്. പള്ളികളിലോ പുറത്തോ തുറസ്സായ സ്ഥലങ്ങളിലോ റമദാൻ കൂടാരങ്ങൾ സ്ഥാപിക്കുന്നത് നേരേത്തതന്നെ അധികൃതർ വിലക്കിയിരുന്നു. വലിയ രീതിയിലുള്ള കൂടിച്ചേരലുകൾക്കും കുടുംബങ്ങൾ കൂട്ടം കൂടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.