റിയാദ്: സൗദി അറേബ്യയിൽ എൻറർടൈൻമെൻറ് രംഗത്തെ വിവിധ കോഴ്സുകൾ അഭ്യസിപ്പിക്കു ന്നതിന് അക്കാദമി ആരംഭിക്കുന്നു. പഠനപദ്ധതി ആവിഷ്കരിക്കുന്നതിനും കോഴ്സുകളും പ്രോഗ്രാമുകളും നടത്തുന്നതിനും ഇൗ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ കമ്പനികളുമായി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജിയ) ഉടമ്പടിയിലെത്തി. അക്കാദമി സ്ഥാപിച്ച് നടത്താൻ മിന എജുക്കേഷൻ ആൻഡ് െഡവലപ്മെൻറ്, ബൻയാൻ െഡവലപ്മെൻറ് എന്നീ കമ്പനികളുമായാണ് ധാരണപത്രം ഒപ്പുവെച്ചത്. റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് സി.ഇ.ഒ അമീർ ബനാജയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ആദ്യ അക്കാദമി സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. എൻറർടൈൻമെൻറ് മാനേജ്മെൻറ് എന്ന ഡിപ്ലോമ കോഴ്സോടെയാവും തുടക്കം. വിനോദ വ്യവസായത്തിൽ രാജ്യത്തിന് മുന്നോട്ടുപോകാൻ ഇൗ രംഗത്ത് പ്രഫഷനലുകളെ വാർത്തെടുക്കാൻ വേണ്ടിയുള്ള ചുവടുവെപ്പാണിതെന്നും സമഗ്രമായ രാജ്യപുരോഗതിക്കായി നടപ്പാക്കുന്ന ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമാണിതെന്നും അമീർ ബനാജ കൂട്ടിച്ചേർത്തു.
ലോകോത്തര നിലവാരത്തിലേക്ക് സൗദി എൻറർടൈൻമെൻറ് രംഗത്തെ എത്തിക്കാനുള്ള പ്രയത്നങ്ങളാണ് നടക്കുന്നത്. ആഗോള വിനോദ വ്യവസായ, വിനോദ സഞ്ചാര ഭൂപടത്തിൽ സൗദിയെ കൂടുതൽ തെളിമയോടെ അടയാളപ്പെടുത്താനുള്ള നിരവധി ചുവടുവെപ്പുകളാണ് ഇതിനകം സാധ്യമാക്കിയിട്ടുള്ളതെന്നും അക്കാദമി വരുന്നതോടെ രാജ്യത്തെ പുതുതലമുറയിൽനിന്ന് കഴിവും ഭാവനാസമ്പത്തുമുള്ള നിരവധിയാളുകൾ ഇൗ രംഗത്തേക്ക് കടന്നുവരുമെന്നും മികച്ച പ്രഫഷനലുകളെ രാജ്യത്തിനുള്ളിൽനിന്നുതന്നെ ലഭിക്കുമെന്നും അതോറിറ്റി അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ആശയവിനിമയ സാമർഥ്യം പുഷ്ടിപ്പെടുത്താനും എൻറർടൈൻമെൻറ് രംഗത്തെ ക്രിയാത്മക ഇടപെടൽ നടത്താൻ പ്രാപ്തി നൽകാനും സഹായിക്കുന്ന കൂടുതൽ കോഴ്സുകളും പ്രോഗ്രാമുകളും ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.