സൗദി ഡാക്കർ റാലി 2026 ഉദ്ഘാടനത്തോടനുബന്ധിച്ച് യാംബുവിൽ നടന്ന സാംസ്കാരിക പരിപാടികൾ
യാംബു: ഡാക്കർ റാലി യാംബു ചെങ്കടൽ തീർത്ത് തുടക്കം കുറിച്ചപ്പോൾ സൗദിയുടെ സാംസ്കാരിക പെരുമ വിളിച്ചോതിയ കലാവിരുന്ന് ശ്രദ്ധേയമായി. 69 രാജ്യങ്ങളിൽനിന്നുള്ള 39 വനിതകളുൾപ്പെടെ 812 മത്സരാർഥികളും സംഘാടകരും റൈഡർമാരുമായി ബന്ധപ്പെട്ട മറ്റു വിവിധ സംവിധാനങ്ങൾ ഒരുക്കുന്നവരും അടക്കം ആറായിരത്തോളം പേരുടെ സാന്നിധ്യമുള്ള റാലി നഗരിയിൽ സൗദി ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് കമീഷൻ അതോറിറ്റിയാണ് പരിപാടികൾ ഒരുക്കിയത്.
രാജ്യത്തിെൻറ സാംസ്കാരിക പൈതൃകങ്ങൾ വിദേശികൾക്ക് പരിചയപ്പെടുത്താനും നല്ല സന്ദർശനാനുഭവങ്ങൾ പകർന്നുനൽകാനും വിവിധ സ്റ്റാളുകൾ നഗരിയിൽ ഒരുക്കിയിരുന്നു. സൗദിയുടെ ആതിഥ്യ ശീലങ്ങളുടെ ഭാഗമായ ഖഹ്വയും ഈത്തപ്പഴവും നൽകിയാണ് പവലിയനിലേക്ക് വിദേശികളെ സ്വാഗതം ചെയ്തത്. ഇതിനായി പ്രത്യേകം പരിശീലനം കിട്ടിയ സൗദി യുവതീയുവാക്കൾ സ്റ്റാളുകളിൽ സജീവമായിരുന്നു.
സൗദിയുടെ ചരിത്രപരമായ സവിശേഷതകൾ, പാരമ്പര്യ കലകൾ, പുരാതനമായ കെട്ടിട നിർമാണ ശൈലി, രാജ്യചരിത്രത്തിെൻറ നാൾവഴികൾ എന്നിവയെല്ലാം ഇവർ സന്ദർശകർക്ക് വിശദീകരിച്ചുകൊടുത്തു. സൗദിയിലെത്തുന്ന വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം കേവലം മരുഭൂമി മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്കാരം കൂടി ഈ മണ്ണിലുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ടൂറിസം കമീഷൻ ലക്ഷ്യമിടുന്നത്.
സൗദിയുടെ സമ്പന്നമായ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വാതായനം തുറക്കുന്ന വിവിധ പ്രദർശനങ്ങൾ വിദേശികളെ ഹഠാദാകർഷിച്ചു. ദേശീയ പക്ഷിയായ ഫാൽക്കണുകൾ, കരകൗശല നിർമിതികൾ തുടങ്ങിയവയെല്ലാം അറേബ്യൻ സാംസ്കാരികത്തനിമയിലേക്ക് വെളിച്ചം വീശി. യാംബു ടൗണിലുള്ള ഹെറിറ്റേജ് പാർക്കിൽ നാഷനൽ കമ്മിറ്റി ഫോൾക്ക് ആർട്സ് ആൻഡ് ഹാൻഡി ക്രാഫ്റ്റ്സിെൻറ നേതൃത്വത്തിൽ ഡാക്കർ റാലിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
സൗദി നാടോടി നൃത്തമായ ‘അർദ’യും മുക്കുവന്മാർ അവരുടെ പാരമ്പര്യ വേഷവിധാനം സ്വീകരിച്ചുള്ള സ്റ്റേജ് പരിപാടികളും സൗദി പാരമ്പര്യ സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനമേളയും ഏറെ ആകർഷണീയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.