റിയാദ്: ഖത്തറിലെ വ്യോമത്താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയ സംഭവത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയെ ഫോണിൽ വിളിച്ചു പൂർണ പിന്തുണ അറിയിച്ചു.
സഹോദര രാജ്യമായ ഖത്തറിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ. ഖത്തറിനെതിരെ ഇറാൻ ആരംഭിച്ച ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് ന്യായീകരിക്കാനാവില്ല. ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളിൽ രാജ്യത്തെ സഹോദരങ്ങളെ പിന്തുണയ്ക്കാൻ സൗദി അറേബ്യ അതിന്റെ എല്ലാ കഴിവുകളും വിന്യസിച്ചിട്ടുണ്ടെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
തിങ്കളാഴ്ച്ച വൈകീട്ടാണ് ഖത്തറിലെ അൽ ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുമേൽ അമേരിക്ക നടത്തിയ ആക്രമണത്തിനു മറുപടിയായാണ് ഇറാന്റെ മിസൈലാക്രമണം.
ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ ആ സമയത്തു തന്നെ സൗദി വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് അസ്വീകാര്യവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയുന്നതുമല്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.