ശാക്കിർ ജമാലിനെ ചികിത്സക്കായി നാട്ടിലേക്ക്
കൊണ്ടുപോകുന്നു
ദമ്മാം: അഞ്ചര മാസത്തോളമായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പരുത്തിക്കാട് സ്വദേശി ശാക്കിർ ജമാലിനെ (32) തുടർചികിത്സക്കായി നാട്ടിലെത്തിച്ചു.ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം, എംബസി പ്രതിനിധി ആഷിഖ് കണ്ണൂർ, ശാക്കിറിെൻറ സ്പോൺസർ ഹുസൈൻ മഹ്ദി അൽ സലാഹ്, കെ.എം.സി.സി, സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടൻ, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ), ഇ.എം.എഫ് റാക്ക എന്നിവരുടെ ഏകോപിത നീക്കമാണ് ശാക്കിറിന് തുണയായത്.
ശ്രീലങ്കൻ എയർലൈൻസിൽ പ്രത്യേകം സജ്ജീകരിച്ച സ്ട്രെച്ചറിലാണ് ശാക്കിറിനെ കൊണ്ടുപോയത്. വിമാനച്ചെലവ് ഇന്ത്യൻ എംബസി വഹിച്ചു. വിമാനത്തിൽ അനുഗമിക്കാൻ നാട്ടിൽ നിന്നെത്തിയ മെഡിക്കൽ ടീമിെൻറ ചെലവുകൾ കമ്പനിയും ഇ.എം.എഫ് റാക്ക ഫുട്ബാൾ കൂട്ടായ്മയും പങ്കിട്ടു.ആശുപത്രിയിൽനിന്നും വിമാനത്താവളം വരെ ഐ.സി.യു സംവിധാനമുള്ള ആംബുലൻസ് ആർ.പി.എം ഗ്രൂപ്പ് വിട്ടുനൽകി. കൊച്ചിയിലെത്തിയ ശാക്കിറിനെ നോർക്ക ഒരുക്കിയ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയം റിയാദ് ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർണായക ഇടപെടൽ നടത്തിയിരുന്നു. ശാക്കിറിെൻറ ഭാര്യയെയും മകനെയും സഹോദരനെയും സ്പോൺസർ തന്നെ ദമ്മാമിലെത്തിക്കുകയും അവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, ആശിഖ് ചേലേമ്പ്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻതോതിലുള്ള പ്രവർത്തനങ്ങളാണ് നടന്നത്.
മികച്ച ഫുട്ബാൾ താരം കൂടിയായ ശാക്കിറിനെ സഹായിക്കാൻ ഡിഫയുടെ വെൽഫെയർ വിങ്ങും സജീവമായി രംഗത്തുണ്ടായിരുന്നു. നിർധന കുടുംബത്തിെൻറ ഏക ആശ്രയമായ ശാക്കിറിെൻറ തുടർചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ദമ്മാമിലെ പ്രവാസി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.