മക്ക: സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ സൗദി ദമ്പതികൾക്ക് മക്കയിൽ വധശിക്ഷ നടപ്പാക്കി. പീഡിപ്പിച്ചും, പട്ടിണിക്കിട്ടും, തടവിലാക്കിയും, ശ്വാസം മുട്ടിച്ചുമാണ് ഇവർ മകളെ കൊലപ്പെടുത്തിയത്. സ്വദേശികളായ ദൈഫ് അല്ലാഹ് ബിൻ ഇബ്രാഹീം അൽ ശംറാനി, സാറാ ബിന്ത് ദൽമഖ് ബിൻ അബ്ദുറഹ്മാൻ അൽ ശംറാനി എന്നിവരെയാണ് ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയമാക്കിയത്.
മകളുടെ കൊലപാതകത്തെ തുടർന്ന് സുരക്ഷ അധികാരികൾ അറസ്റ്റ് ചെയ്ത ഇവർക്കെതിരെ തുടരന്വേഷണത്തില്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മതിയായ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന് കൈമാറിയ കേസില്‍ കീഴ്കോടതിയും ശേഷം അപ്പീല്‍ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. സഹായിക്കാനോ പിന്തുണക്കാനോ ആരുമില്ലാത്തതും സഹായം അഭ്യർഥിക്കാൻ കഴിയാത്തതുമായ ഒരു പെൺകുട്ടിക്കെതിരായ മാതാപിതാക്കളുടെ കുറ്റകൃത്യത്തിന്റെ ക്രൂരത, വിവിധ സമയങ്ങളിൽ ആവർത്തിച്ചുള്ള പീഡനം, കുറ്റകൃത്യങ്ങളുടെ ആഴമേറിയ സ്വഭാവം തുടങ്ങിയവ കണക്കിലെടുത്താണ് വധശിക്ഷ വിധിക്കുന്നതെന്ന് വിധിന്യായം വ്യക്തമാക്കി.
നിരപരാധികളെ ആക്രമിക്കുകയോ, അവരുടെ രക്തം ചിന്തുകയോ, അവർക്ക് ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ നിലനിർത്തുന്നതിനും, നീതി കൈവരിക്കുന്നതിനും, ദൈവത്തിന്റെ ന്യായവിധികൾ നടപ്പാക്കുന്നതിനുമുള്ള സർക്കാറിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം എല്ലാവരെയും ഉണർത്തി. നിയമപരമായ ശിക്ഷ അവരുടെ വിധിയായിരിക്കുമെന്ന് അത്തരമൊരു കാര്യം ചെയ്യാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.