26ാമത് യു.എൻ ടൂറിസം ജനറൽ അസംബ്ലി യോഗം റിയാദിൽ ആരംഭിച്ചപ്പോൾ
റിയാദ്: ആഗോള ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന റോളിലാണ് സൗദി അറേബ്യയെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. റിയാദിൽ ആരംഭിച്ച യു.എൻ ടൂറിസം ജനറൽ അസംബ്ലിയുടെ 26ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി.സി.സി രാജ്യമായി സൗദി അറേബ്യ.
‘എ.ഐ പവേർഡ് ടൂറിസം: ഭാവിയെ പുനർനിർവചിക്കൽ’ എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കുന്ന ഈ സമ്മേളനം, യു.എന്നിന് കീഴിൽ ലോക ടൂറിസം സംഘടന സ്ഥാപിതമായതിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നത്. അംഗരാജ്യങ്ങളിൽനിന്നുള്ള 160 പ്രതിനിധികൾ, മന്ത്രിമാർ, ഉന്നതതല ഉദ്യോഗസ്ഥർ, വിവിധ ആഗോള മേഖലകളിൽ നിന്നുള്ള നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു. ലോക ടൂറിസം സംഘടനയുടെ പ്രധാന സമ്മേളനമാണ് ജനറൽ അസംബ്ലി. വിനോദസഞ്ചാര വ്യവസായത്തിന് കൂടുതൽ ശോഭനവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കുന്നതിനും ആഗോള ടൂറിസത്തിന്റെ അടുത്ത 50 വർഷത്തെ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് യോഗത്തിൽ നടക്കുക.
ആഗോള ടൂറിസത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു നിർണായക നിമിഷമാണ് സൗദി അറേബ്യയുടെ ഈ ആതിഥേയത്വമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. നവീകരണം, സുസ്ഥിരത, മനുഷ്യ വിഭവശേഷി നിക്ഷേപം, നിർമിത ബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ ടൂറിസം മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അഭിവൃദ്ധിയുടെ ഒരു പ്രധാന ചാലകശക്തിയായി ടൂറിസം മാറിയിരിക്കുകയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ചെറുകിട ബിസിനസുകളെ പിന്തുണക്കുന്നതിലൂടെയും ജനങ്ങൾക്കിടയിൽ ടൂറിസം സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മേഖലയായി മാറി. അറേബ്യൻ ആതിഥ്യമര്യാദയോടെ സൗദി ലോകത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുകയാണ്.
കഴിഞ്ഞ 50 വർഷമായി ആഗോള സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും ടൂറിസത്തിലൂടെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും ടൂറിസം സംഘടന വഹിച്ച പങ്കിനെക്കുറിച്ച് സൗദി മന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പരിവർത്തനം യാത്രാനുഭവത്തെ മെച്ചപ്പെടുത്തുകയും ലക്ഷ്യസ്ഥാനത്തിന്റെ കണ്ടെത്തലിനെ എളുപ്പമാക്കുകയും ചെയ്തു. വ്യക്തികളെയും സമൂഹങ്ങളെയും സേവിക്കുന്നതിനും ജോലികളെയും ചെറുകിട ബിസിനസുകളെയും പിന്തുണക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നൂതന ഉപാധിയെന്ന നിലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിലാണ് ഈ വർഷത്തെ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
റിയാദിലെ യോഗം പ്രധാനം -സെക്രട്ടറി ജനറൽ
കൂടുതൽ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടൂറിസം കെട്ടിപ്പടുക്കുന്നതിനുള്ള സമഗ്രമായ ഒരു പരിപാടി വികസിപ്പിക്കുന്നതിനായി റിയാദിൽ നടക്കുന്ന ഈ ടൂറിസം സംഘടനാ യോഗം ആഗോള ടൂറിസം മേഖലയിലെ നേതൃത്വങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് യു.എൻ ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലികാഷ്വിലി പറഞ്ഞു.
സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിലും ലോകമെമ്പാടും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ മേഖലയുടെ സാധ്യതകൾ സെഷനുകൾ എടുത്തുകാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നവീകരണത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും സുസ്ഥിരവും സമഗ്രവുമായ ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
സൗദി മന്ത്രി പറഞ്ഞതുപോലെ ആഗോള ടൂറിസത്തിന്റെ അടുത്ത 50 വർഷത്തെ രൂപവത്കരണത്തിന് ഈ നവംബർ ഒരു നിർണായക മാസമായിരിക്കും.
കാരണം യു.എൻ ടൂറിസം ജനറൽ അസംബ്ലിക്ക് തൊട്ടുപിന്നാലെ സൗദി അറേബ്യ ഈ മാസം 11 മുതൽ 13 വരെ നടക്കുന്ന ആദ്യത്തെ ടൂറിസ്റ്റ് ഉച്ചകോടിക്കും ആതിഥേയത്വം വഹിക്കും. ടൂറിസം സംഘടന എക്സിക്യൂട്ടിവ് കൗൺസിലിന്റെ 124, 125 സെഷനുകളും ശനി, ചൊവ്വ ദിവസങ്ങളിൽ റിയാദിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.