യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതൽ അറേബ്യൻ ഗൾഫ് മേഖലയിൽ ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. കുവൈത്തിലെ ചില ഭാഗങ്ങളിൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലും ദമ്മാമിലും 50 ഡിഗ്രി സെൽഷ്യസിനോടടുത്ത് താപനില വർധിച്ചതായി കേന്ദ്രം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.
റിയാദിന്റെയും നജ്റാന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടെ അഞ്ച് മേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് പ്രതീക്ഷിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. കിഴക്കൻ പ്രവിശ്യയിലും റിയാദിന്റെയും നജ്റാന്റെയും ചില ഭാഗങ്ങളിലും മദീനയുടെയും മക്കയുടെയും ചില ഭാഗങ്ങളിലും പൊടിക്കാറ്റിന് കാരണമാകുന്ന സജീവമായ കാറ്റ് തുടരുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. പൊടിക്കാറ്റിന് കാരണമാകുന്ന സജീവമായ കാറ്റിന്റെ ആഘാതം ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൃശ്യപരത പൂജ്യത്തോടടുത്തായിരിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു.
ജിസാൻ, അസീർ എന്നീ ഉയർന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സജീവമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.