സൗദി ‘തുവൈഖ്​’ പദ്ധതിക്ക്​ കീഴിൽ നിർമിച്ച പുതിയ യുദ്ധ കപ്പൽ അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് നീറ്റിലിറക്കിയപ്പോൾ

സൗദിയു​ടെ പുതിയ യുദ്ധ കപ്പൽ നീറ്റിലിറക്കി;‘തുവൈഖ്’ പദ്ധതിയിലെ ആദ്യ കപ്പൽ

 റിയാദ്: നാല് മൾട്ടി-മിഷൻ യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള ‘തുവൈഖ്’ പദ്ധതിയിലെ ആദ്യ​ കപ്പലായ ‘ഹിസ് മജസ്​റ്റി കിങ് സഊദ്’ റോയൽ സൗദി നാവിക സേന അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് നീറ്റിലിറക്കി. അമേരിക്കയിലാണ്​ കപ്പലി​െൻറ നിർമാണം പൂർത്തിയാക്കിയത്​. റോയൽ സൗദി നാവിക സേനയുടെ ചീഫ് ഓഫ് സ്​റ്റാഫ് വൈസ് അഡ്മിറൽ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ അൽഗരീബി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

കൂടാതെ സൗദി, അമേരിക്കൻ ഭാഗങ്ങളിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ പ്രതിരോധ, സൈനിക വ്യവസായ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടി​െൻറയും നൂതന സൈനിക, നാവിക കപ്പലുകളുടെ നിർമാണത്തിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയായ ഫിൻകാൻറിയേരിയുടെയും പ്രതിനിധികളും പങ്കെടുത്തു. കപ്പൽ പണിപൂർത്തിയാക്കി നീറ്റിലിറക്കാനായതിൽ സൗദി നാവിക സേനാ മേധാവി സന്തോഷം പ്രകടിപ്പിച്ചു.

ആധുനികവൽക്കരണത്തി​ന്റെയും വികസനത്തി​ന്റെയും മേഖലകളിൽ ഗുണപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകിയ ഭരണകൂടത്തിൽനിന്ന് സായുധ സേനകൾക്ക് പൊതുവെയും പ്രത്യേകിച്ച് നാവിക സേനക്കും പരിധിയില്ലാത്ത പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നാവിക സേനയുടെ വികസനത്തിലെ പ്രധാനപ്പെട്ടതും ഗുണപരവുമായ പദ്ധതികളിൽ ഒന്നാണ് ‘തുവൈഖ്’. ഏറ്റവും പുതിയ സൈനിക സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന ആധുനികവും പ്രഫഷനലുമായ നാവികസേന കെട്ടിപ്പടുക്കുന്നതിനുള്ള സൗദിയുടെ അഭിലാഷം ഇത് ഉൾക്കൊള്ളുന്നു. അതോടൊപ്പം ഉദ്യോഗസ്ഥർക്കുള്ള വിപുലമായ പരിശീലന, യോഗ്യതാ പരിപാടികളും ഇതിൽ ഉൾപ്പെടുന്നുവെന്നും നാവികസേന മേധാവി വിശദീകരിച്ചു. സൗദിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സുപ്രധാന സമുദ്ര പാതകൾ സുരക്ഷിതമാക്കുന്നതിനുമുള്ള നാവികസേനയുടെ സന്നദ്ധത ഈ പദ്ധതി വർധിപ്പിക്കുന്നു.

നാവിക യുദ്ധത്തിലെ വിവിധ ദൗത്യങ്ങൾ നടത്താനും വ്യോമ, ഉപരിതല, ഭൂഗർഭ ലക്ഷ്യങ്ങളെ നേരിടാനും പ്രാപ്തമാക്കുന്ന ഏറ്റവും നൂതന യുദ്ധ സംവിധാനങ്ങൾ ഈ പദ്ധതിയുടെ കപ്പലുകളെ വ്യത്യസ്തമാക്കുന്നു എന്ന് നാവിക സേന മേധാവി വിശദീകരിച്ചു.

ജുബൈലിലെ കിങ് അബ്​ദുൽ അസീസ് നാവിക താവളത്തി​െൻറ വികസനം, നാവിക സേനയുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കൽ, യുദ്ധ സന്നദ്ധത നിലനിർത്തൽ എന്നിവക്കാവശ്യമായ വിപുലമായ അറ്റകുറ്റപ്പണികളും പരിശീലന കേന്ദ്രം സ്ഥാപിക്കലും ‘തുവൈഖ്’ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും നാവികസേന മേധാവി കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Arabia's new warship launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.