മീര സുഹൈബ് അക്കാദ്
റിയാദ്: ജന്മന ഹൃദയവൈകല്യമുള്ള ഫലസ്തീൻ കുട്ടി ‘മീര സുഹൈബ് അക്കാദി’ന് സൗദിയുടെ കാരുണ്യം പുതുജീവിതമേകി. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം കിങ് സൽമാൻ റിലീഫ് കേന്ദ്രമാണ് മീര അക്കാദിനെ റിയാദിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയത്.
നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച മീരയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. അത് വിജയകരമാകുകയും ചെയ്തു. സമഗ്രമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിനും സൂക്ഷ്മമായ മെഡിക്കൽ തുടർനടപടികൾക്കും ശേഷം രോഗമുക്തി നേടിയ മീര കഴിഞ്ഞ ദിവസം സൗദി ഭരണാധികാരികൾക്കും ജനങ്ങൾക്കും നന്ദി പറഞ്ഞു സൗദിൽ നിന്ന് യാത്രതിരിച്ചു.
മകളുടെ ചികിത്സക്ക് സൗദി നൽകിയ ഉദാരമായ പിന്തുണയ്ക്ക് സൽമാൻ രാജാവിനും കിരീടാവകാശിക്കും പെൺകുട്ടിയുടെ കുടുംബം നന്ദിയും കടപ്പാടും അറിയിച്ചു. ലോകമെമ്പാടും പ്രായസപ്പെടുന്നവർക്ക് നിരന്തരം സഹായഹസ്തം നീട്ടിയ സൗദിക്കും അതിന്റെ ഭരണ നേതൃത്വത്തിനും ഇത്തരം മാനുഷികമായ ഇടപെടലുകൾ അസാധാരണമല്ലെന്ന് അവർ പറഞ്ഞു. മകൾക്ക് ശസ്ത്രക്രിയ നടത്തിയ സൗദി മെഡിക്കൽ സ്റ്റാഫിന്റെ വിശിഷ്ട ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.