റിയാദ്: ഭക്ഷ്യോൽപാദനത്തിൽ 100 ശതമാനം സ്വയം പര്യാപ്തത കൈവരിച്ച് സൗദി അറേബ്യ. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ 2024ലെ ഭക്ഷ്യസുരക്ഷ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023നെ അപേക്ഷിച്ച് നിരവധി സസ്യ-ജന്തു ജന്യ ഭക്ഷ്യ ഉൽപന്നങ്ങളുടെ സ്വയംപര്യാപ്തത നിരക്കുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. രാജ്യത്തെ കാർഷിക, ഭക്ഷ്യ ഉൽപാദന സംവിധാനത്തിന്റെ വികസനവും വർധിച്ച കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നതാണിത്. മൃഗോൽപന്നങ്ങൾ ശ്രദ്ധേയമായ ശതമാനം വളർച്ച രേഖപ്പെടുത്തി. ചെമ്മീൻ 149 ശതമാനവും പാലുൽപന്നങ്ങൾ 131 ശതമാനവും മുട്ടകൾ 103 ശതമാനവും സ്വയംപര്യാപ്തതയിലെത്തി. ഇത് ഉൽപാദന ശേഷിയുടെ വികാസത്തെയും ഈ വിഭാഗങ്ങളിലെ പ്രാദേശിക ഉൽപാദനത്തെ ആശ്രയിക്കുന്നതിന്റെ വർധിച്ച നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു.
പച്ചക്കറികൾ ഉയർന്ന തോതിൽ സ്വയംപര്യാപ്തത കൈവരിച്ചതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. വഴുതനങ്ങ 105 ശതമാനം, വെണ്ടക്ക 102 ശതമാനം, വെള്ളരിക്ക 101 ശതമാനം, കുമ്പളങ്ങ 100 ശതമാനം എന്നിങ്ങനെയാണ് ഉൽപാദന വളർച്ചാനിരക്ക്. പഴങ്ങളിൽ ഏറ്റവും ഉയർന്ന സ്വയംപര്യാപ്തത നിരക്ക് രേഖപ്പെടുത്തിയ ഉൽപന്നം ഈത്തപ്പഴമാണ്. 121 ശതമാനം രേഖപ്പെടുത്തി. അത്തിപ്പഴം 99 ശതമാനത്തോളം എത്തി. വാർഷികാടിസ്ഥാനത്തിൽ ചില ഉൽപന്നങ്ങൾ സ്വയംപര്യാപ്തത നിരക്കിൽ ശ്രദ്ധേയമായ വർധന കൈവരിച്ചു. ഉള്ളി ഉൽപാദനം 41.2 ശതമാനം, തക്കാളി 9.2 ശതമാനം, മത്സ്യം 8.2 ശതമാനം, കോഴി ഉൽപാദനം 1.4 ശതമാനം എന്നിങ്ങനെ വർധിച്ചു. ലഭ്യമായ ആകെ ഭക്ഷ്യവസ്തുക്കളുടെ പ്രതിശീർഷ ഉപഭോഗം പ്രതിവർഷം 52.1 കിലോഗ്രാം അരി, 35.8 കിലോഗ്രാം ഈത്തപ്പഴം, 20.5 കിലോഗ്രാം ഉള്ളി, 19.6 കിലോഗ്രാം തക്കാളി എന്നിവയിലെത്തിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
മൃഗ ഉൽപന്നങ്ങളുടെ കാര്യത്തിൽ പ്രതിശീർഷ ഉപഭോഗം പ്രതിവർഷം 70.3 ലിറ്റർ പാലും 46.9 കിലോഗ്രാം കോഴിയിറച്ചിയും 235 മുട്ടകളും ആയി. പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം, ഭക്ഷ്യസുരക്ഷ ജനറൽ അതോറിറ്റി, കാർഷിക വികസന ഫണ്ട് എന്നിവയിൽനിന്നുള്ള രേഖകൾക്കൊപ്പം ഫീൽഡ് സർവേകളിൽനിന്നുള്ള ഡേറ്റയെ അടിസ്ഥാനമാക്കിയാണ് സ്ഥിതിവിവരക്കണക്കുകൾ തയാറാക്കിയിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. സൂചകങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ മേഖലയിലെ ദേശീയ തീരുമാനങ്ങളെയും നയങ്ങളെയും പിന്തുണക്കുന്നതിനുമായി ഉയർന്ന നിലവാരമുള്ള രീതിശാസ്ത്രങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഡേറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.