മികച്ച നടനുള്ള അവാർഡ് കാമിൽ അൽ അലിയും നടിക്കുള്ള അവാർഡ് അമൽ അൽ റമദാനും സ്വീകരിക്കുന്നു
ദമ്മാം: തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അസോസിയേഷൻ കവാലിസ് തിയറ്ററിൽ സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ടുനിന്ന ഏകപാത്ര നാടകോത്സവത്തിന് പ്രൗഢോജ്ജ്വല സമാപനം. സമാപന ചടങ്ങിൽ നാടക രചന, നടൻ, നടി, സംവിധായകൻ, സൗണ്ട് ഇഫക്റ്റ്, സ്റ്റേജ് മേക്കപ്പ്, സെറ്റ് ഡിസൈൻ, വസ്ത്രങ്ങൾ, ലൈറ്റിങ്, നിർമാണം എന്നീ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡുകൾ ഉൾപ്പെടുന്ന ഫെസ്റ്റിവൽ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ഒരു ജീവനക്കാരന്റെ കഥ എഴുതിയ അബ്ബാസ് അൽ ഹയെക് ആണ് മികച്ച നാടക രചയിതാവ്. മികച്ച നടനുള്ള അവാർഡ് കാമിൽ അൽ അലിയും നടിക്കുള്ള അവാർഡ് അമൽ അൽ റമദാനും കരസ്ഥമാക്കി. റീം സിയാദ് (മേക്കപ്) അഹ്മദ് അൽ അലി (സൗണ്ട് ഇഫക്റ്റ്സ്), അബ്ദുൽ അസീസ് അൽ സവാത്ത് (അലങ്കാരം), യൂസഫ് അഹ്മദ് അൽ ഹർബി (സംവിധായകൻ), നജാത്ത് സൈരി (വസ്ത്രാലങ്കാരം), ഹമദ് അൽ മുവൈഗെദ് (ലൈറ്റിങ്) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. പ്രഫസർ അഹമ്മദ് അൽ സറാവി (ചെയർമാൻ), പ്രഫസർ മുഹമ്മദ് അൽ സഫർ, പ്രഫസർ ഇബ്രാഹിം അൽ ഹാർതി എന്നിവരായിരുന്നു വിധികർത്താക്കൾ. തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അസോസിയേഷൻ പ്രസിഡൻറ്, ആർട്ടിസ്റ്റ് നാസർ അൽ ഖസബി, തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഡോ. സാമി അൽ ജുമാൻ, കൾചർ ആൻഡ് ആർട്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ പ്രഫസർ അബ്ദുൽ അസീസ് അൽ സ്മൈൽ, തിയറ്റർ അസോസിയേഷൻ സി.ഇ.ഒ പ്രഫ. ഖാലിദ് അൽ ബാസ്, ദമ്മാമിലെ കൾച്ചർ അസോസിയേഷൻ ഡയറക്ടർ പ്രഫ. യൂസഫ് അൽ ഹർബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജഡ്ജിങ് പാനലിനായി പ്രത്യേക അവാർഡ് പ്രഖ്യാപിക്കണമെന്നും കലാപരമായ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അർഹതയില്ലാത്ത അവാർഡുകൾ തടയണമെന്നും അവർ കൂട്ടിച്ചേർത്തു.
സർഗാത്മകതക്കുള്ള ഇടമായും മാനവികതയുടെ സത്ത പ്രകടിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയായും തിയറ്റർ തുടരുമെന്നും ഇത് നൽകുന്നത് ഫലം കായ്ക്കുന്ന ഒരു വിത്താണെന്നും വിധികർത്താക്കൾ വിശേഷിപ്പിച്ചു.ത്വാഇഫിലെ ഡ്യുവോഡ്രാമ പരിപാടികളിൽ തുടങ്ങി ദമ്മാമിലെ മോണോഡ്രാമ മേളയിൽ എത്തിനിൽക്കുന്ന വിവിധ മേഖലകളിൽ കാണപ്പെടുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളെക്കുറിച്ച് തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അസോസിയേഷൻ പ്രസിഡൻറ്, ആർട്ടിസ്റ്റ് നാസർ അൽ ഖസബി വിശദീകരിച്ചു. ദമ്മാമിലെ സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾചർ ആൻഡ് ആർട്സിന് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അൽ ഖസബി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.