ദമ്മാം: കടൽ കടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ട മലയാളത്തിന്റെ സ്വന്തം ‘ഗൾഫ് മാധ്യമം’ ലക്ഷങ്ങൾ നെഞ്ചേറ്റിയ മനുഷ്യസ്നേഹത്തിന്റെ ആഘോഷപ്പെരുമയുടെ രണ്ടാം സീസണിന് ദമ്മാമിൽ ഒരുക്കം പൂർത്തിയാകുന്നു. ഡിസംബർ 26ന് ദമ്മാം-അൽഖോബാർ ഹൈവേയിലെ പ്രശസ്തമായ സ്പോർട് സിറ്റിയിൽ അരങ്ങേറുന്ന സാംസ്കാരികോത്സവം പ്രവാസികൾക്ക് അവിസ്മരണീയ അനുഭൂതിയുടെ ഒരു സുന്ദര രാവ് സമ്മാനിക്കും. മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ സംഗീതസപര്യയുടെ 42 വർഷത്തെ ആഘോഷം കൂടിയാണ് ദമ്മാമിൽ അരങ്ങേറുന്നത്. ‘മധുമയമായി പാടാം’ എന്ന പേരിലാണ് 42 വർഷത്തെ എം.ജിയുടെ സംഗീതോപാസനയുടെ വാർഷികം വേദിയിൽ അരങ്ങേറുന്നത്. ഇതോടനുബന്ധിച്ച് അദ്ദേഹത്തോടൊപ്പം പാടാൻ അവസരം ലഭ്യമാക്കുന്ന സിങ് ആൻഡ് വിൻ എന്ന പരിപാടിയിലേക്ക് നൂറുകണക്കിന് എൻട്രികളാണ് ലഭിച്ചത്. 42 വർഷം മലയാള മനസ്സുകൾക്ക് ആസ്വാദനത്തിന്റെ വേറിട്ട തലം സമ്മാനിച്ച അപൂർവ സുന്ദര ഗാനങ്ങൾ എം.ജി ദമ്മാമിലെ കലാസ്വാദകർക്കായി ആലപിക്കും.
കേവലമൊരു മെഗാ ഷോക്ക് ഉപരി, വിദ്വേഷം വമിക്കാനുള്ള വർത്തമാനകാല ശ്രമങ്ങൾക്കെതിരെ മനുഷ്യനന്മയുടെ സ്നേഹ വെളിച്ചം കൊളുത്തിവെക്കുന്ന ആഘോഷം കൂടിയാണ് ഹാർമോണിയസ് കേരള. മനുഷ്യമനസ്സുകൾക്കിടയിൽ പണിതുയർത്തുന്ന മതിലുകൾ പൊളിച്ചുകളഞ്ഞ് സർവ ഭേദങ്ങൾക്കുമപ്പുറത്ത് മനുഷ്യ ഹൃദയങ്ങൾ പരസ്പരം ഇണക്കിച്ചേർക്കുന്ന ഹാർമണിയെയാണ് ഇത് പ്രസരിപ്പിക്കുന്നത്.
എം.ജി. ശ്രീകുമാറിനെ കൂടാതെ നിലപാടുറപ്പും സർഗാത്മകതയും കൊണ്ട് വെള്ളിത്തിരക്ക് പുറത്തും ഇടമുണ്ടാക്കിയ അഭിനയപ്രതിഭ പാർവതി തിരുവോത്ത്, യുവനടൻ അർജുൻ അശോകൻ, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, നൃത്ത വിസ്മയം റംസാൻ മുഹമ്മദ്, ഹാസ്യകലാകാരൻ സിദ്ദീഖ് റോഷൻ എന്നിവരും വേദിയിൽ അണിനിരക്കും.
ഈ അതുല്യകലാകാരർ രാവിനെ ഈണമണിയിച്ച് മധുരാനുഭവങ്ങളുടെ പൂക്കൾ വിരിയിക്കുമ്പോൾ സ്പോർട് സിറ്റിയിൽ പ്രേക്ഷകർ ചെലവഴിക്കുന്ന ഓരോ നിമിഷവും സമൃദ്ധവും ആനന്ദകരവുമാകും. അഭൗമവും അവാച്യവുമായ മിടുക്കോടെ പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന പ്രശസ്ത അവതാരകൻ മിഥുൻ രമേശ് വേദിയിൽ നിറയുമ്പോൾ ആദ്യാവസാനം ഇടവേളകളൊന്നുമില്ലാതെ അനുഭൂതിയുടെ അന്തരീക്ഷമൊരുക്കപ്പെടും.ദമ്മാമിൽ ആദ്യമായി കാൽപന്തുകളിയുടെ ആരവങ്ങൾ മാത്രം ഉയർന്നിട്ടുള്ള സൗദി സ്പോർട്സ് അതോറിറ്റിയുടെ കീഴിലുള്ള ഗ്രീൻ സ്പോർട്സ് സ്റ്റേഡിയം ഒരു കലാ മാമാങ്കത്തിന് വേദിയാകുന്നു എന്നതും ഹാർമോണിയസ് കേരളയുടെ പ്രത്യേകതയാണ്.
ഏറ്റവും ചെറിയ തുകയുടെ ടിക്കറ്റ് കരസ്ഥമാക്കുന്നവർക്ക് പോലും വേദിയെ അടുത്തെന്നപോലെ കാണാൻ കഴിയുന്നു എന്നതാണ് ഗ്രീൻ സ്പോർട്സ് സിറ്റിയുടെ പ്രത്യേകത. തുടക്കത്തിൽ തന്നെ ഹാർമോണിയസ് കേരളയുടെ ടിക്കറ്റുകൾ സ്വന്തമാക്കുന്നതിനുള്ള തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹാർമോണിയസ് കേരളയുടെ ഒന്നാം പതിപ്പിൽ നൂറുകണക്കിന് ആളുകൾക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങിപോകേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.