ചരിത്രപരമായ ചുവടുവെപ്പ്​; സൗദി റിയാലിന് ഔദ്യോഗിക ചിഹ്നമായി

ജിദ്ദ: സൗദി അറേബ്യയുടെ കറൻസിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സൽമാൻ രാജാവ്​ അംഗീകാരം നൽകി. ഇത് രാജ്യത്തി​ന്റെ ദേശീയ കറൻസിയുടെ ഐഡൻറിറ്റിയെ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലായ തീരുമാനമാണ്. പുതിയ ചിഹ്നത്തിന് അംഗീകാരം നൽകുന്നതിന് നേതൃത്വം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി സെൻട്രൽ ബാങ്ക് (സാമ) ഗവർണർ അയ്മൻ അൽ സയാരി അഗാധമായ നന്ദി അറിയിച്ചു.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ഉയർത്തിക്കാട്ടുന്നതിന്​ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ വകുപ്പുകളുമായി സംയോജിച്ച്​ സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ റിയാലി​െൻറ ഔദ്യോഗിക ചിഹ്​നം ക്രമേണ പ്രയോഗത്തിൽ വരുത്തുമെന്ന് അൽസയാരി വ്യക്തമാക്കി.

ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരികമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള കറൻസികളിൽ, പ്രത്യേകിച്ച് ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ സൗദി റിയാലിനെ പ്രധാനമായി സ്ഥാപിക്കുന്നതിനുമാണ് ഔദ്യോഗിക ചിഹ്​നം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

സാംസ്കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്​റ്റാൻഡേർഡ്സ് ആൻഡ്​ മെട്രോളജി ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ ചിഹ്നം വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഗവർണർ നന്ദി അറിയിച്ചു. ഏറ്റവും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിച്ചെടുത്ത സൗദി റിയാൽ ചിഹ്നം രാജ്യത്തി​ന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. അറബിക് കാലിഗ്രാഫിയിൽനിന്ന് ഉരുത്തിരിഞ്ഞ രൂപകൽപ്പനയിൽ ദേശീയ കറൻസിയായ ‘റിയാൽ’ എന്ന്​ വായിച്ചെടുക്കാൻ സാധിക്കുന്ന രൂപത്തിലാണ് ചിഹ്നം. ആഭ്യന്തരമായും അന്തർദേശീയമായും സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ സൗദി റിയാലി​ന്റെ പ്രതിനിധാനം പുതിയ ചിഹ്നം കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Saudi Arabia unveils new Saudi riyal symbol approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.