ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രശില്പികൾ വിഭാവനം ചെയ്തതും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതുമായ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാർത്ഥി സമരങ്ങളെ അടിച്ചൊതുക്കുന്നതും സമരപോരാളികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുന്നതും മഹത്തായ രാജ്യത്തിൻ്റെ സൽപേരിന് കളങ്കം ചാർത്തുന്ന നടപടിയാണ്.
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിക്കൊപ്പം പോരാടിയ ധീരദേശാഭിമാനി മൗലാന മുഹമ്മദലിയുടെ മഹത്തായ നാമത്തിലുള്ള സർവ്വകലാശാല പോലും പൊളിക്കൽ ഭീഷണി നേരിടുന്നത് രാജ്യസ്നേഹികളിൽ അങ്ങേയറ്റത്തെ പ്രയാസമുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ലോകത്തെ അത്ഭുതപ്പെടുത്തിയ വളർച്ചയും മുന്നേറ്റവും നടത്തിയ രാജ്യത്ത്, ഇന്ന് ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കേണ്ട വിദ്യാർത്ഥികളുടെ പരീക്ഷകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്നത് ഭാവിയെ അപകടപ്പെടുത്തുന്നതിന് തുല്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ എ.കെ. ബാവ, ലത്തീഫ് മുസ്ല്യാരങ്ങാടി, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, ലത്തീഫ് കളരാന്തരി, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, ഹുസൈൻ കരിങ്കറ, സിറാജ് കണ്ണവം, ഷക്കീർ മണ്ണാർക്കാട്, ലത്തീഫ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.