സൗദി സാറ്റലൈറ്റ് ഏജൻസി ആസ്ഥാനം
റിയാദ്: സൗദി അറേബ്യ രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. ചെറിയ ഉപഗ്രഹങ്ങൾ നിർമിക്കുന്നതിനും രൂപകൽപന ചെയ്യുന്നതിനുമുള്ള ‘സാരി’ പദ്ധതിയുടെ ഭാഗമായി ഉമ്മുൽ ഖുറ, അമീർ സുൽത്താൻ എന്നീ സർവകലാശാലകളിലെ വിദ്യാർഥികൾ രൂപകൽപന ചെയ്ത ‘റൗദ സ്കോപ്’, ‘ഉഫുഖ്’ എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി വിക്ഷേപിച്ചതെന്ന് സൗദി ബഹിരാകാശ ഏജൻസി വ്യക്തമാക്കി.
ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ബഹിരാകാശ ശാസ്ത്രത്തിലും നവീകരണത്തിലും നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഈ ദേശീയ നേട്ടം ബഹിരാകാശത്തേക്കുള്ള ഒരു അന്താരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിലെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതായി ആരംഭിച്ച ‘സാരി’ പദ്ധതിയിലെ ഉപഗ്രഹ നിർമാണ മത്സരത്തിൽ 42 സൗദി സർവകലാശാലകളും 480 വിദ്യാർഥി സംഘങ്ങളുമാണ് പങ്കാളികളായത്.
അമീർ സുൽത്താൻ സർവകലാശാലയിലെ ‘റൗദ സ്കോപ്’ ടീം വികസിപ്പിച്ചെടുത്ത ഉപഗ്രഹം പാരിസ്ഥിതിക സംരക്ഷണ പദ്ധതികളെ പിന്തുണക്കുന്നതും മൊബൈൽ ഫോൺ സുസ്ഥിര കണക്ടിറ്റി വിദൂര പ്രദേശങ്ങളിൽ ഉറപ്പാക്കുന്നതുമാണ്. ലോ-പവർ ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി) സാങ്കേതികവിദ്യ ഉൾച്ചേർത്തതാണ് ഈ ഉപഗ്രഹം.
ഉമ്മുൽ ഖുറ സർവകലാശാലയിലെ ‘ഉഫുഖ്’ ടീം ബഹിരാകാശത്തിലെ കാലാവസ്ഥയെയും കൃത്യമായ സമയക്രമത്തിലും നാവിഗേഷൻ സംവിധാനങ്ങളിലും സൗരവികിരണത്തിന്റെ സ്വാധീനത്തെയും നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹമാണ് നിർമിച്ചതെന്ന് സൗദി ബഹിരാകാശ ഏജൻസി പറഞ്ഞു. ദേശീയ സർവകലാശാലകളുമായുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഫലമാണ് ഈ വിക്ഷേപണമെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക, വിദ്യാഭ്യാസത്തെ പ്രായോഗിക പ്രയോഗവുമായി ബന്ധിപ്പിക്കുന്ന പരിപാടികളും സംരംഭങ്ങളും വികസിപ്പിക്കുക, സുസ്ഥിരമായ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുക, ബഹിരാകാശ പര്യവേഷണത്തിലും അതിന്റെ ആധുനിക സാങ്കേതികവിദ്യകളുടെ വികസനത്തിലും മുൻനിര രാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്ഥാനം വർധിധിപ്പിക്കുക എന്നിവക്കുള്ള ഏജൻസിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നേട്ടമെന്നും ഏജൻസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.