സത്യമൂർത്തിക്ക് സാമൂഹികപ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു
ഹാഇൽ: പക്ഷാഘാതംവന്ന് ശരീരം തളർന്ന് ചികിത്സ പോലും കിട്ടാതെ പ്രയാസത്തിലായ തമിഴ്നാട് കുംഭകോണം സ്വദേശി സത്യമൂർത്തിയെ, കെ.എം.സി.സി പ്രവർത്തകരുടെ കാരുണ്യത്തിൽ നാട്ടിലെത്തിച്ചു. ഹാഇലിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള നസ്രിയ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിൽ വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു സത്യമൂർത്തി. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇഖാമയും പാസ്പോർട്ടും പുതുക്കാൻ സാധിക്കാതെ നിയമപരമായ രേഖകളില്ലാതെയാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.
ഇതിനിടയിലാണ് പെട്ടെന്ന് സ്ട്രോക്ക് പിടിപെട്ട് ശരീരത്തിെൻറ ഒരു ഭാഗം തളർന്നത്. ഔദ്യോഗിക രേഖകൾ കൈയ്യിലില്ലാത്തതിനാൽ ആശുപത്രിയിൽ പോയി കൃത്യമായ ചികിത്സ തേടാനും കഴിഞ്ഞില്ല. മൂന്ന് മാസത്തോളം ഇത്തരത്തിൽ കിടപ്പിലായ സത്യമൂർത്തിയുടെ അവസ്ഥയറിഞ്ഞ്, നസ്രിയയിലെ കെ.എം.സി.സി പ്രവർത്തകരായ അനസ് കായംകുളം, കെ.വി. സുരേന്ദ്രൻ, ഗോവിന്ദസ്വാമി എന്നിവർ ചേർന്നാണ് ആദ്യം ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സാസഹായങ്ങൾ എത്തിച്ചു നൽകിയത്.
തുടർന്ന് ഹാഇൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് വിഷയത്തിൽ ഇടപെടുകയും, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള ഔട്ട്പാസ് നേടുകയും ചെയ്തു.
വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ കൊല്ലം, മീഡിയ വിങ് കൺവീനറും സാറാസ് ഗ്രൂപ്പ് എം.ഡിയുമായ അസ്കർ വടകര എന്നിവർ മുന്നിൽ നിന്ന് പ്രവർത്തിച്ചാണ് എംബസിയിലെയും ജവാസത്തിലെയും പേപ്പർ വർക്കുകൾ പൂർത്തിയാക്കിയത്. രേഖകളും വിമാന ടിക്കറ്റും ശരിയാക്കി നൽകിയതോടെയാണ് മാസങ്ങളുടെ ദുരിതത്തിന് ശേഷവും സുമനസ്സുകളുടെ സഹായത്തോടെ സത്യമൂർത്തിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.